
ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ഇന്ന് അറുപതിനായിരത്തിലേറെ പേർക്ക് കൂടി കൊവിഡ് ബാധിച്ചു. മഹാരാഷ്ട്രയിൽ ലോക്ഡൗൺ നേരിടാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ കൊവിഡ് കണക്കിൽ മൂന്നാഴ്ച്ച കൊണ്ട് മൂന്നിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളെ ആശങ്കയിലാക്കുകയാണ്. രോഗികളുടെ എണ്ണം വീണ്ടും കൂടിയാൽ ആശുപത്രി സൗകര്യങ്ങൾ മതിയാകാതെ വന്നേക്കുമെന്ന ഭീതി നിലനിൽക്കുന്നു. ഇന്നും 68020 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ ഒരു കോടി ഇരുപത് ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞു. കൊവിഡ് മരണങ്ങളും 51 ശതമാനം കൂടി. 291 പേരാണ് 24 മണിക്കൂറിനിടെ കൊവിഡിന് കീഴടങ്ങിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 40,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 108 പേർ കൊവിഡ് ബാധിച്ചു മരിച്ചു.
സംസ്ഥാനത്ത് ആശങ്ക അകലാതായതോടെ ഒരു ലോക്ഡൗൺ നേരിടാൻ തയ്യാറാകണം എന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നൽകിയ മുന്നറിയിപ്പ്. ലോക്ഡൗൺ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് സ്ഥിതി ഗുരുതരമാക്കി. കണക്കുകൾ ഇനിയും ഉയർന്നാൽ നിയന്ത്രിക്കാനാവില്ല എന്നത് കൊണ്ടാണ് ലോക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നതെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. ദില്ലിയിലും പഞ്ചാബിലും നിയന്ത്രണങ്ങൾ കർശനമാക്കി. വാക്സിനേഷനും പരിശോധന കൂട്ടിയും, സമ്പർക്കപട്ടികയ്ക്കനുസരിച്ച് ക്വാറൻ്റീൻ നടത്തിയും, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മുന്നോട്ട് പോവാനാണ് ആരോഗ്യമന്ത്രായത്തിൻ്റെ നിർദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam