
ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ലവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് മന്‍ കി ബാത്തിന്‍റെ എഴുപത്തിയഞ്ചാം പതിപ്പില്‍ നരേന്ദ്ര മോദി അവകാശപ്പെട്ടു. അതേസമയം, നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ കയ്യേറ്റം ചെയ്തതില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കര്‍ഷക സമരം നാല് മാസം പിന്നിടുമ്പോഴും കേന്ദ്രം മൗനം തുടരുന്നതിനിടെയാണ് ഒരടിപോലും പിന്നോട്ടില്ലെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്. കാര്‍ഷിക മേഖലയെ നവീകരിക്കപ്പെടേണ്ടതുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പട്ടു. നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രവും, സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ കഴിഞ്ഞ ജനുവരി 22ന് ചര്‍ച്ചകള്‍ നിലച്ചു.
ഇനി ചർച്ച വേണ്ടെന്നും സമരക്കാര്‍ സ്വയം പിന്‍വലിയുമെന്നും കേന്ദ്രമന്ത്രിസഭയില്‍ ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍, പന്ത്രണ്ടാം വട്ട ചര്‍ച്ചയാകാമെന്ന് മറുവിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതിനിടെയാണ് നിയമങ്ങളില്‍ പ്രതിഷേധിച്ച കർഷകർ പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കയ്യേറ്റം ചെയ്തത്.
അബോഹര്‍ എംഎല്‍എ അരുണ്‍ നരംഗിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുമുണ്ടെന്ന ബിജെപി ആരോപണത്തിനിടെ അമരീന്ദര്‍ സിംഗ് മന്ത്രിസഭ സംഭവത്തെ അപലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam