കൊവിഡ് പോരാട്ടത്തില്‍ മോദിയെ 93.5 ശതമാനം പേരും വിശ്വസിക്കുന്നു; സര്‍വ്വേ

By Web TeamFirst Published Apr 23, 2020, 1:24 PM IST
Highlights

ഐഎഎന്‍എസ്- സി വോട്ടര്‍ സര്‍വ്വേ പ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം 76.8 ശതമാനം ആളുകള്‍ക്കായിരുന്നു മോദി സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നത്. എന്നാല്‍, ഏപ്രില്‍ 21 ആയപ്പോള്‍ ഇത് 93.5 ശതമാനമായി ഉയര്‍ന്നു

ദില്ലി: കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ 93.5 ശതമാനം ആളുകളും വിശ്വസിക്കുന്നുവെന്ന് സര്‍വ്വേ ഫലം. കൊറോണ വൈറസിനെ വളരെ സമര്‍ത്ഥമായിട്ടാണ് മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് 21 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യത്തെ ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

പിന്നീട് ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി. ഐഎഎന്‍എസ്- സി വോട്ടര്‍ സര്‍വ്വേ പ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം 76.8 ശതമാനം ആളുകള്‍ക്കായിരുന്നു മോദി സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നത്. എന്നാല്‍, ഏപ്രില്‍ 21 ആയപ്പോള്‍ ഇത് 93.5 ശതമാനമായി ഉയര്‍ന്നുവെന്ന് സര്‍വ്വേ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ കൊറോണ വൈറസിനെ നന്നായി നേരിടുന്നുവെന്ന ഉത്തരമാണ് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെ നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ പേര്‍ നല്‍കിയത്. ഏപ്രില്‍ 16ന് 75.8 ശതമാനം ആളുകളാണ് അവര്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിശ്വാസം വര്‍ധിച്ചതായാണ് കണക്കുകള്‍.

ഇതിനിടെ  ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും. 1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതൽ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താൽ മൂന്ന് മാസം മുതൽ അഞ്ച് വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപയാണ് പിഴ.

ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താൽ ശിക്ഷ ആറ് മാസം മുതൽ ഏഴ് വര്‍ഷം വരെയാകും. ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടി വരും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താൽ ജയിൽ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും.

click me!