
ദില്ലി: വിവാദമായ ടോയ്‍ലറ്റ് പരാമര്‍ശത്തില്‍ പ്രഗ്യാ സിങിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി. ബിജെപി എംപിയായ പ്രഗ്യാ സിങിന്‍റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെ എതിര്‍ക്കുന്നതാണെന്നും പ്രഗ്യ ജാതി- വര്‍ഗ വിവേചനങ്ങളില്‍ വിശ്വസിക്കുന്ന ഉയര്‍ന്ന ജാതിക്കാരിയാണെന്നും ഒവൈസി പറഞ്ഞു.
ജനങ്ങളുടെ ശൗചാലയങ്ങള്‍ വൃത്തിയാക്കാനല്ല താന്‍ എംപിയായതെന്ന ബിജെപിയുടെ ഭോപ്പാലില്‍ നിന്നുള്ള എംപി പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു ഒവൈസി. 'പ്രഗ്യ ഉയര്‍ന്ന ജാതിയില്‍പ്പെട്ടതാണ്. ശൗചാലയങ്ങള്‍ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരും തുല്യരല്ല എന്ന തോന്നല്‍ കൊണ്ടാണ് പ്രഗ്യ ഇങ്ങനെ പറയുന്നത്'- ഒവൈസി വ്യക്തമാക്കി.
ശുചിത്വത്തിനും ശൗചാലയങ്ങള്‍ക്കും വേണ്ടി ബോധവത്ക്കരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് പ്രഗ്യ വെല്ലുവിളിച്ചിരിക്കുന്നതെന്നും ജാതി-വര്‍ഗ വിവേചനങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിഞ്ഞതെന്നും ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇതുപോലെ ചിന്തിച്ചാല്‍ പുതിയ ഇന്ത്യയെ നിര്‍മ്മിക്കുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
'നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ ശൗചാലയങ്ങള്‍ വൃത്തിയാക്കലല്ല എന്‍റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വഹിക്കും. അന്നും ഇന്നും ഞാന്‍ അതു തന്നെയാണ് പറയുന്നത്'- മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെ പ്രഗ്യാ സിങ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനയ്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam