ഒബാമയ്ക്ക് ചായ കൊടുത്ത് സൽക്കരിച്ചതുപോലെ പ്രധാനമന്ത്രി കർഷകരെയും ക്ഷണിക്കണമെന്ന് ഒവൈസി

By Web TeamFirst Published Feb 7, 2021, 10:52 PM IST
Highlights

കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം മോദിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. മുന്നൂറ് എംപിമാരുള്ള ബിജെപി എങ്ങനെ കര്‍ഷകരുടെ പ്രതിഷേധത്തെ മറികടക്കണമെന്നറിയാതെ നില്‍ക്കുകയാണെന്നും ഒവൈസി 

അഹമ്മദാബാദ്: യുഎസ് പ്രസിഡന്‍റായിരുന്ന ബറാക്ക് ഒബാമയ്ക്ക് നല്‍കിയത് പോലെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കും വീട്ടില്‍ സല്‍ക്കാരം ഒരുക്കാന്‍ മോദിയോട് ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഗുജറാത്തില്‍ പ്രസംഗിക്കുകയായിരുന്നു ഒവൈസി. രണ്ട് മാസമായി ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ വേദന ഹൃദയം കൊണ്ട് പ്രധാനമന്ത്രി മനസിലാക്കണം. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ രീതി ശരിയല്ല. മുമ്പ് യുഎസ് പ്രസിഡന്‍റ്  ആയിരുന്ന ഒബാമയ്ക്ക് വീട്ടില്‍ സല്‍ക്കാരം ഒരുക്കിയത് പോലെ കര്‍ഷകരെയും ക്ഷണിക്കണം.

കര്‍ഷകരെ വീട്ടിലേക്ക് വിളിച്ച് ചായയും ബിസ്ക്കറ്റും നല്‍കിയ ശേഷം അവരോട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പറയണം. അപ്പോള്‍ അവര്‍ സന്തോഷിക്കുമെന്നും ഒവൈസി പറഞ്ഞു. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം മോദിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

മുന്നൂറ് എംപിമാരുള്ള ബിജെപി എങ്ങനെ കര്‍ഷകരുടെ പ്രതിഷേധത്തെ മറികടക്കണമെന്നറിയാതെ നില്‍ക്കുകയാണെന്നും ഒവൈസി പറഞ്ഞു. ഇതാദ്യമായാണ് ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് എഐഎംഐഎം ഗുജറാത്തില്‍ ജനവിധി തേടുന്നത്. 

click me!