എഴ് വര്‍ഷത്തിനിടെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തം; ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍

By Web TeamFirst Published Feb 7, 2021, 7:37 PM IST
Highlights

സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്  രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. കൊവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവായത് ദുരന്തത്തിന്‍റെ  വ്യാപ്തി കുറച്ചു.

ദില്ലി\ഉത്തരാഖണ്ഡ്: ഏഴ് വര്‍ഷത്തിനിടെ  രണ്ടാമത്തെ വലിയ  പ്രകൃതി ദുരന്തമാണ്  ഉത്തരാഖണ്ഡിലുണ്ടായത്. സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്  രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. കൊവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവായത് ദുരന്തത്തിന്‍റെ  വ്യാപ്തി കുറച്ചു.

2013 ജൂണ്‍ ആറിന് സുനാമിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉത്തരഖണ്ഡുണ്ടിലുണ്ടായത്. ഒരു മാസത്തോളം തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തില്‍ തീര്‍ത്ഥാടകരടക്കം 5,700 പേരാണ് മരിച്ചത്. ചമോലിയിലെ തപോവന്‍ മേഖലയില്‍ ഇന്നുണ്ടായ മഞ്ഞിടിച്ചില്‍ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയായി.

സംസ്ഥാന സര്‍ക്കാര്‍ സ്തംഭിച്ച് നിന്നിടത്ത്  ദുരന്ത നിവാരണ സേനയെയടക്കം ഇറക്കി കേന്ദ്രം ഇടപെടുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍  അടിയന്തര യോഗം ചേര്‍ന്നതിന് പിന്നാലെ  കര,വ്യോമ സേനകളെ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്‍ഡിആര്‍എഫ് സംഘങ്ങളെയും ഉത്തരാഖണ്ഡിലേക്ക് കേന്ദ്രം അയച്ചു. ദുരന്തമുണ്ടായപ്പോള്‍ അസം, ബംഗാള്‍ പര്യടനത്തിലായിരുന്ന പ്രധാന മന്ത്രിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സാധാരണ കേദാർനാഥിലേക്കും ബദരിനാഥിലേക്കും പോകുന്ന തീർത്ഥാടകർ ഉണ്ടാകുന്ന മേഖലയിലാണ് ദുരന്തം ഉണ്ടായത്.

ശൈത്യകാലമായതിനാൽ ജോഷി മഠ് അടക്കമുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങളിലേക്കുള്ള മലയാളികളടക്കമുള്ള   സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതും ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പർവ്വതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വൻദുരന്തം ഉണ്ടായത്. 

click me!