
ഹൈദരാബാദ്: ഇന്ത്യയ്ക്ക് വേണ്ടത് കാവൽക്കാരനെയല്ല മറിച്ച് സത്യസന്ധനായ പ്രധാനമന്ത്രിയെ ആണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളുടെ(പ്രധാനമന്ത്രിയുടെ) മൂക്കിന് താഴേയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങൾ എന്ത് തരം കാവൽക്കാരനാണ്? ഇന്ത്യയ്ക്കാവശ്യം സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെ ആണ് അല്ലാതെ, കാവൽക്കാരനെയല്ല '- ഒവൈസി പറഞ്ഞു.
എന്തിനുവേണ്ടിയാണ് അസീമാനന്ദ സ്വാമികളെ പ്രധാനമന്ത്രി ഭയപ്പെടുന്നതെന്നും ഒവൈസി ചോദിച്ചു. പ്രധാനമന്ത്രി യഥാർത്ഥ കാവൽക്കാരൻ ആണെങ്കിൽ സംഝോത എക്സ‍്‍പ്രസ് സ്ഫോടനക്കേസിൽ അസീമാനന്ദ സ്വാമി ഉൾപ്പടെ നാല് പ്രതികളെയും വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീലിന് പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റില്‍ നടത്തിയ ആദ്യപ്രസംഗം ഓർമ്മയുണ്ട്. ആ പ്രസംഗത്തിലൂടെ തന്നെ 25-30 വര്‍ഷം ആര്‍എസ്എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്നുപോന്ന ഒരാള്‍ മാത്രമാണ് മോദിയെന്ന് മനസിലാക്കിയിരുന്നു. ആര്‍എസ്എസിന്റെ പുസ്തകങ്ങൾ വായിച്ചാൽ തന്നെ രാജ്യത്തിന്റെ സംയുക്ത സംസ്കാരത്തിനും മതേതരത്വത്തിനും എതിരാണ് അവരെന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്നും ഒവൈസി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam