
മംഗളൂരു: സോഷ്യൽ മീഡിയയിലെ ചര്‍ച്ചകൾക്ക് പിന്നാലെ ഇസ്രായേൽ ട്രാവൽസ് എന്ന ബസിന്‍റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. കഴിഞ്ഞ 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലെസ്റ്റർ കട്ടീൽ ആണ് തന്‍റെ ബസിന്‍റെ പേര് മാറ്റിയത്. ഇസ്രായേൽ ട്രാവൽസ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് പൊലീസിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാദം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
മൂഡ്ബിദ്രി - കിന്നിഗോളി - കടീൽ - മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ബസിന്‍റെ പേരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലെസ്റ്റർ കട്ടീലിനെതിരെ കേസെടുക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു. ഇതോടെയാണ് ബസിന്‍റെ പേര് ജെറുസലേം എന്നാക്കി മാറ്റിയത്.
ഇസ്രായേൽ ട്രാവൽസ് എന്ന പേരിൽ ആളുകൾക്ക് പ്രശ്‌നങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ലെസ്റ്റർ കട്ടീല്‍ പറഞ്ഞു. ഇത് മാറ്റാൻ പൊലീസ് ഒരിക്കലും സമ്മർദം ചെലുത്തിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്കുള്ള മറുപടി മാത്രമാണ് തീരുമാനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലാണ് തനിക്ക് പുതിയ ജീവിതം നൽകിയത്. പുണ്യഭൂമിയായ ജെറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. ഇസ്രായേലിലെ സിസ്റ്റം ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ബസിന് ആ പേര് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകൾ വിഷമിപ്പിച്ചുവെന്നും ലെസ്റ്റര്‍ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam