ഓയോ സ്ഥാപകനെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും കേസ്

By Web TeamFirst Published Sep 15, 2020, 12:38 AM IST
Highlights

ചണ്ഡീഗഡിലെ ബിസിനസുകാരനായ വികാസ് ഗുപ്ത നല്‍കിയ പരാതിയിലാണ് ദേരാ ബാസി പൊലീസ് ഓയോയുടെ ഉന്നതര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടത്. 

ദില്ലി: ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനും, ഓയോയുടെ ബ്രാന്‍റായ വെഡ്ഡിംഗ്സ്.ഇന്‍ സിഇഒ സന്ദീപ് ലോധയ്ക്കുമെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും കേസ്. എന്നാല്‍ കമ്പനിക്കെതിരായി വന്ന ആരോപണങ്ങള്‍ പ്രസ്താവനയിലൂടെ ഓയോ നിഷേധിച്ചിട്ടുണ്ട്.

ചണ്ഡീഗഡിലെ ബിസിനസുകാരനായ വികാസ് ഗുപ്ത നല്‍കിയ പരാതിയിലാണ് ദേരാ ബാസി പൊലീസ് ഓയോയുടെ ഉന്നതര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടത്. താനുമായി ഓയോ ഉണ്ടാക്കിയ കരാര്‍ തീര്‍ത്തും നിയമവിരുദ്ധമായിരുന്നുവെന്നും, ഇത് തന്നെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയ്ക്ക് ശേഷമാണെന്നുമാണ് വികാസ് ഗുപ്ത ആരോപിക്കുന്നത്.

വികാസ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കാസ വില്ലാസ് റിസോര്‍ട്ട്, ഓയോയുടെ കീഴിലുള്ള വെഡ്ഡിംഗ് വിഭാഗത്തിന് വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ഇവര്‍ വിട്ടു നല്‍കിയിരുന്നു. അതിന്‍റെ കൃത്യമായ കരാര്‍ 2019ല്‍ ഒപ്പിട്ടു. ഓയോയുടെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം സാന്നിധ്യത്തിലായിരുന്നു കരാര്‍.

കൊവിഡ് വരുന്നതുവരെ കാര്യങ്ങള്‍ നന്നായി നടന്നുവെങ്കിലും. കൊവിഡ് പ്രതിസന്ധിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് വിലക്ക് വന്നതോടെ നഷ്ടം ഭയന്ന ഓയോ, ഒരു നോട്ടീസ് അയച്ച് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിച്ചുവെന്നാണ് ആരോപണം. കരാറിലെ ചില കാര്യങ്ങള്‍ വളച്ചോടിച്ചാണ് ഇവര്‍ കരാറില്‍ നിന്നും പിന്‍മാറിയത് എന്നും വികാസ് ആരോപിക്കുന്നു.

ഇതിന് വേണ്ടി ഓയോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്ക് ഈ കാരാര്‍ റദ്ദാക്കിയതിലൂടെ നഷ്ടമായ 5 കോടി ലഭിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഓയോ, ഈ കേസ് വസ്തുതയില്ലാത്തതും മാനഹാനി ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രതികരിച്ചു. തെറ്റായ എഫ്ഐആര്‍ ആണ് ഓയോയ്ക്കെതിരെ ഇട്ടിരിക്കുന്നത് എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കേസില്‍ നീതിന്യായ വ്യവസ്ഥയെ വിശ്വാസമുണ്ടെന്ന് പറഞ്ഞ ഓയോ, കേസിനെ നിയമപരമായി നേരിടും എന്നും അറിയിച്ചു.

click me!