ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും പദ്മഭൂഷൺ

By Web TeamFirst Published Jan 25, 2022, 8:16 PM IST
Highlights

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്

ദില്ലി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പദ്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് പദ്മശ്രീ ലഭിച്ച മറ്റുള്ളവർ. കെവി റാബിയ - സാമൂഹ്യ പ്രവർത്തനം, ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ - കായികം.

click me!