
ദില്ലി: വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കേരളത്തല്‍നിന്ന് ചിത്രൻ നമ്പൂതിരിപ്പാടിനും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്കും പത്മശ്രീ പുരസ്കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥകിനും ചിത്രന്‍ നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം.
നേരത്തെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളത്തില്‍നിന്നുള്ള മൂന്നുപേരാണ് പുരസ്കാരത്തിന് അര്‍ഹമായിരുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയിലാണ് മൂന്നുപേരും പുരസ്കാരത്തിന് അര്‍ഹമായത്. ഇതിനുപിന്നാലെയാണ് പത്മവിഭൂഷണ്‍ പുരസ്കാരം ഉള്‍പ്പെടെ പ്രഖ്യാപിച്ചത്. ഈ അംഗീകാരം തന്നതിൽ നന്ദിയുണ്ടെന്നും അംഗീകാരം സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും മുതിര്‍ന്ന ഒ രാജഗോപാല്‍ പറഞ്ഞു. ജീവിതത്തിലെ പ്രധാന നാഴികകല്ലായി കാണുന്നുവെന്നും അംഗീകാരത്തിനു വേണ്ടി പുറകെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam