മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ; പരിഹസിക്കുന്നതിന് തുല്യമെന്ന് സമാജ് വാദി പാർട്ടി

By Web TeamFirst Published Jan 26, 2023, 4:25 PM IST
Highlights

 സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു

ലഖ്നൗ: മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു.

മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചത്.  മുലായം സിങ് യാദവിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയതിലൂടെ, നേതാജിയുടെ മഹത്വത്തെയും പ്രവർത്തനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണ് ഇന്ത്യാ സർക്കാർ ചെയ്തത്. നേതാജിയെ ബഹുമാനിക്കണമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിക്കണമായിരുന്നു. സ്വാമി പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു. 

പാർട്ടി വക്താവ് ഐ പി സിങ്ങും സമാനമായ പ്രതികരണം നടത്തി. പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഒഴികെ മറ്റൊരു ബഹുമതിയും, മണ്ണിന്റെ മകൻ അന്തരിച്ച മുലായം സിംഗ് യാദവിന്  യോജിച്ചതല്ല. നമ്മുടെ ബഹുമാന്യനായ നേതാജിക്ക് ഉടൻ തന്നെ ഭാരതരത്‌ന നൽകാനുള്ള പ്രഖ്യാപനം ഉണ്ടാകണം . ഐ പി സിങ് ട്വീറ്റ് ചെയ്തു. സമാജ് വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10 നാണ് അന്തരിച്ചത്.

Read Also: 'ഡാ തത്തേ എവിടെടാ നിന്റെ മുതലാളി', മദ്യക്കടത്ത് തലവനെ പിടിക്കാൻ തത്തയെ ചോദ്യം ചെയ്ത് പൊലീസ് -വീഡിയോ



 

click me!