ഇറക്കുമതി ചെയ്ത ആകെ എണ്ണയുടെ വില നോക്കുമ്പോൾ കഴിഞ്ഞ വർഷം നല്കിയതിനെക്കാൾ 12 ശതമാനം കുറവാണ് ഉണ്ടായത്.
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ് ഇതിനുള്ള ചെലവ് കുത്തനെ താഴ്ന്നത്. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കുറവ് സാധാരണക്കാർക്ക് നല്കാൻ പെട്രോളിയം കമ്പനികൾ തയ്യാറാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാപാരകമ്മി ഉയർത്തുന്നതിൽ സാധാരണ വലിയ പങ്ക് വഹിക്കുന്നത് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിയാണ്. രാജ്യത്ത് ആവശ്യമായ അസംസ്കൃത എണ്ണയിൽ 86 ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുകയാണ്. റഷ്യയിൽ നിന്നാണ് തല്ക്കാലം ഇതിൽ നാല്പത് ശതമാനവും ഇന്ത്യയിലെത്തുന്നത്. അമേരിക്കൻ ഉപരോധത്തെ തുർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപിലേക്കും വീണ്ടും തിരിയാൻ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിൽ എണ്ണ ഇറക്കുമതിയിൽ 2.4 ശതമാനം വർദ്ധനവാണുണ്ടായത്. എന്നാൽ ഇറക്കുമതി ചെയ്ത ആകെ എണ്ണയുടെ വില നോക്കുമ്പോൾ കഴിഞ്ഞ വർഷം നല്കിയതിനെക്കാൾ 12 ശതമാനം കുറവാണ് ഉണ്ടായത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റത്തിന്റെ ഗുണം ലഭിക്കാതെ സാധാരണക്കാർ
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് എണ്ണ ഇറക്കുമതി ചെലവ് ഇത്രയും കുറയാൻ സഹായിച്ചത്. അസംസ്കൃത എണ്ണയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവിലും ഏഴര ശതമാനത്തിൻറെ കുറവുണ്ടായി. പ്രക്യതി വാതകത്തിനും പതിനൊന്നര ശതമാനം വിലക്കുറവുണ്ടായി. കഴിഞ്ഞ ആറു മാസം ഇത്രയും നേട്ടം എണ്ണ കമ്പനികൾക്ക് കിട്ടിയിട്ടും പെട്രോൾ ഡിസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് ഏറ്റവും അവസാനം വില കുറച്ചത്. ദില്ലിയിിൽ ഒരു ലിറ്റർ പെട്രോളിന് 2024 മാർച്ചിൽ 94 രൂപയായിരുന്നു വില. ഡീസലിന് എൺപത്തിയേഴും.
ഇതേ വില തന്നെയാണ് ഇന്നും തലസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. അതായത് എണ്ണകമ്പനികൾക്ക് കിട്ടുന്ന ലാഭം ഉപഭോക്താക്കൾക്ക് കൈമാറാൻ മടിക്കുകയാണ്. എക്സൈസ് തീരുവയാണ് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കുറച്ചത്. ദൈനംദിന വില വിപണിയിലെ സാഹചര്യം അനുസരിച്ച് കുറയ്ക്കാൻ എണ്ണ കമ്പനികൾക്കാണ് സ്വാതന്ത്ര്യം നല്കിയിരിക്കുന്നത്. അന്താരാഷ്ട വിപണി വിലയും ഇറക്കുതി ചെലവും കുറയുമ്പോഴും വില കുറയ്ക്കാത്ത എണ്ണകമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്


