പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ

Published : Jul 16, 2025, 12:38 PM IST
Pahalgam Attack Aftermath

Synopsis

പഹല്‍ഗാം ഭീകരാക്രമണത്തിൽ എൻഐഎക്ക് നിർണായക വഴിത്തിരിവ്. ലഷ്ക്കർ ഭീകരൻ സുലൈമാൻ ഷായുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം ആഹ്ലാദ പ്രകടനം നടത്തിയെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ദില്ലി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവെന്ന് എന്‍ഐഎ. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ അറിയിച്ചു. ലഷ്ക്കര്‍ ഭീകരന്‍ സുലൈമാന്‍ ഷായുടെ സാന്നിധ്യം വ്യക്തമായെന്നാണ് എന്‍ഐഎ പറയുന്നത്. കൂട്ടക്കുരുതിക്ക് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തിയ ശേഷമാണ് ഭീകരര്‍ ബൈസരണ്‍ താഴ്വര വിട്ടതെന്ന നിര്‍ണ്ണായക മൊഴിയും എന്‍ഐഎക്ക് ലഭിച്ചു. സംഭവം നടന്ന് മൂന്ന് മാസമാകുമ്പോഴും ഭീകരരെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാണ്.

മതം ചോദിച്ച് 26 പേരെ വെടിവച്ചു കൊന്ന സംഘത്തിലെ ഒരാൾ ലഷ്ക്കര്‍ ഭീകരന്‍ സുലൈമാന്‍ ഷാ ആണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍ സോനാമാര്‍ഗ് ടണലില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രവര്‍ത്തിച്ചത്. ടണല്‍ നിര്‍മ്മാണ കമ്പനിയിലെ 7 പേരെ അന്ന് വധിച്ചിരുന്നു.ഭീകരര്‍ക്ക് സഹായം ചെയ്തതിന്‍റെ പേരില്‍ അറസ്റ്റിലായ രണ്ട് പ്രദേശവാസികളില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലും, സുലൈമാന്‍ ഷായുടെ ഫോട്ടോ സാക്ഷി തിരിച്ചറിഞ്ഞതോടെയുമാണ് വിവരം എന്‍ഐഎ പങ്ക് വച്ചത്.

ബൈസരണ്‍ താഴ്വരയില്‍ 26 പേരെ വെടിവച്ചിട്ടതിന് ശേഷം, ആഹ്ളാദ പ്രകടനം നടത്തിയാണ് ഭീകരര്‍ അവിടെ നിന്ന് പോയതെന്നും സുപ്രധാന സാക്ഷി മൊഴിയുണ്ട്.നാല് റൗണ്ട് ആകാശത്തേക്ക് വെടിവച്ച് ഭീകരര്‍ ആഹ്ളാദം പ്രകടിപ്പിച്ചു. ഭീകരരരെ നേര്‍ക്ക് നേര്‍ കണ്ടെന്നും തന്നോടും കല്‍മ ചൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രധാനസാക്ഷിയായ വ്യക്തി അന്വേഷണ സംഘത്തോട് പറഞ്ഞു.

സഹായം നല്‍കിയതിന്‍റെ പേരില്‍ അറസ്റ്റിലായ പ്രദേശവാസികളും സംഭവത്തിന് നേര്‍ സാക്ഷികളാണ്.പര്‍വൈസ് അഹമ്മദ്, ബഷീര്‍ അഹമ്മദ് എന്നീ പ്രദേശവാസികളാണ് ഭീകരര്‍ക്ക് സഹായം ചെയ്തു കൊടുത്തത്. ഭീകരരുടെ ബാഗുകളടക്കം ഇവരുടെ കൈവശമായിരുന്നു. പര്‍വേസ് അഹമ്മദിന്‍റെ വീട്ടില്‍ സംഭവത്തിന്‍റെ തലേന്ന് നാല് മണിക്കൂറോളം ചെലവഴിച്ച ഭീകരര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങള്‍ നല്‍കിയിരുന്നു.ബൈസരണ്‍ താഴവരയില്‍ സുരക്ഷ ക്രമീകരണങ്ങളൊന്നുമില്ലെന്നതടക്കം സാഹചര്യം മനസിലാക്കി. പ്രതിഫലമായി 2500 രൂപയും ഭീകരര്‍ നല്‍കി. ആക്രമണ സമയത്തെ കുറിച്ചും ഭീകരര്‍ സൂചന നല്‍കിയിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

അതേ സമയം, സംഭവം നടന്ന് മൂന്ന് മാസമായിട്ടും ഭീകരരരെ പിടികൂടാന്‍ കഴിയാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുകയാണ്. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയുടെ ഉത്തരവാദിത്തം ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ ഏറ്റെടുത്തിരുന്നു.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്