
ദില്ലി: പാക് അധീന കശ്മീരിലെ ഹാജി പോര സെക്ടറിനോട് ചേർന്ന അതിർത്തിയിൽ പാക് സൈനികർ സമാധാനത്തിന്റെ വെള്ളക്കൊടി വീശാൻ നിർബന്ധിതരായി. മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യൻ സൈനികർ കനത്ത മറുപടിയാണ് നൽകിയത്. ഇന്ത്യൻ സൈനികരുടെ പ്രത്യാക്രമണത്തിൽ പാക് പട്ടാളക്കാരൻ ഗുലാം റസൂൽ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽനഗർ സ്വദേശിയാണ് മരിച്ച ഗുലാം റസൂൽ.
സെപ്തംബർ 10 നും 11 നും ഇടയിലാണ് ഇവിടെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ഗുലാം റസൂൽ കൊല്ലപ്പെട്ട ശേഷവും ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ പാക് സൈനികരിലൊരാൾ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം എടുക്കാനായി ശ്രമിച്ചു. എന്നാൽ ഇദ്ദേഹവും ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
രണ്ട് ദിവസത്തോളം ശ്രമിച്ചിട്ടും രണ്ട് മൃതദേഹങ്ങളും വീണ്ടെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് അതിർത്തിയിൽ പാക് സൈന്യം വെള്ളക്കൊടി വീശിയത്. സെപ്തംബർ 13നായിരുന്നു ഇത്. ഇതോടെ ഇന്ത്യൻ സൈനികർ ആയുധങ്ങൾ താഴ്ത്തി. ഈ സമയത്ത് പാക് സൈനികർ മൃതദേഹങ്ങൾ എടുത്തു.
അതിർത്തിയിലെ കേരൻ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് ഏഴോളം പേർ മരിച്ചത് ജൂലൈ 30 നും 31നുമാണ്. ഇവരിൽ പാക് സൈനികരും തീവ്രവാദികളും ഉണ്ടായിരുന്നു. എന്നാൽ ആരുടെയും മൃതദേഹം വീണ്ടെടുക്കാൻ പാക് സൈന്യം ശ്രമിച്ചിരുന്നില്ലെന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേരൻ സെക്ടറിൽ കൊല്ലപ്പെട്ടവർ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാകില്ലെന്നും ഇതിനാലാവും മൃതദേഹങ്ങൾ വീണ്ടെടുക്കാതിരുന്നതെന്നും ഇന്ത്യൻ സൈന്യം വിശ്വസിക്കുന്നു. മുൻപ് കാർഗിൽ യുദ്ധ സമയത്തും പാക്കിസ്ഥാൻ മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നു. കേരൻ സെക്ടറിൽ കൊല്ലപ്പെട്ടവർ പാക് അധീന കശ്മീരിൽ നിന്നുള്ളവരോ നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയിൽ നിന്നുള്ളവരോ ആയിരിക്കാമെന്നാണ് സൈന്യം വിശ്വസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam