
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ ഉയര്‍ത്തിയ നിരന്തര പ്രകോപനത്തിന് താല്‍ക്കാലിക വിരാമം. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ട രണ്ട് പാക് സൈനികരുടെ മൃതദേഹം വീണ്ടെടുക്കാനായി വെടിവെപ്പ് നിര്‍ത്തി പാകിസ്താന്‍ വെള്ളക്കൊടി ഉയര്‍ത്തി. അതിനിടെ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സേന ഇവിടെ തിരിച്ചടിക്കുന്നത് തുടരുകയാണ്.
പാക്സേന തുടങ്ങി വച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇരട്ടി തീവ്രതയോടെ ഇന്ത്യ മറുപടി നല്‍കിയതോടെയാണ് പാക് അധീനകശ്മീരിലെ ഹാജിപൂരില്‍ പാക് സൈന്യത്തിന് വെള്ളപതാക വീശേണ്ടി വന്നത്. ഇക്കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു ഇവിടെ പാക് സൈന്യത്തിന്‍റെ പ്രകോപനം. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാക് സൈനികനായ ഗുലാം റസൂലും മറ്റൊരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പാകിസ്താന്‍ വെള്ളക്കൊടി ഉയര്‍ത്തിയത്.
സൈനികരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാനായി ഇന്ത്യയും പ്രതിരോധം അവസാനിപ്പിച്ചു. വെടിവെപ്പിനിടെ കഴിഞ്ഞ ജൂലൈ അവസാനം കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം പാകിസ്താന്‍ ഏറ്റെടുത്തിരുന്നില്ല. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ സൈന്യമാണ് പാക് സൈനികരുടെ മൃതദേഹം സംസ്കരിച്ചത്.
അതിനിടെ അതിര്‍ത്തിയിലെ പൂഞ്ചിലും രജൗരിയിലും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സേനയും തിരിച്ചടിച്ച് തുടങ്ങിയതോടെ രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇവിടെ നിന്ന് അഞ്ചുകിലോമീറ്റര്‍ വരെ അകലെയുള്ള സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് വെടിവെയ്പ് തുടരുന്നതിനാലാണ് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മേഖലയില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam