
ദില്ലി: ഇന്ന് പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണം ജമ്മു കശ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയെന്ന് പ്രതിരോധ സേനാ വിഭാഗങ്ങൾ അറിയിച്ചു. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടത്. ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം. ആക്രമണം തുടരുന്നതിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി മോദിയുമായി കൂടിക്കാഴ്‌ച നടത്തി.
ഇന്ന് ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഡ്രോണുകളെന്നാണ് വിവരം. കശ്മീർ താഴ്‌വരയിലെ നഗരമായ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള 26 ഇടത്തേക്കാണ് പാക് ഡ്രോണുകൾ എത്തിയത്. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്‌പൂർ, പത്താൻകോട്ട്, ഫാസിൽക, ലാൽഗഡ്, ജാട്ട, ജയ്‌സാൽമീർ, ബാർമർ, ഭുജ്, ക്വാർബെട്ട്, ലാഖി നാല എന്നിവിടങ്ങളിലായാണ് ആക്രമണം നടന്നത്.
ആദ്യം ആക്രമണം നടന്ന ജമ്മു നഗരത്തിൽ ഇപ്പോൾ അപായ മുന്നറിയിപ്പ് പിൻവലിച്ചു. ഏതാണ്ട് നാല് മണിക്കൂറോളം ബ്ലാക്ക് ഔട്ടായിരുന്ന ഇവിടെ വൈദ്യുതി പുനഃസ്ഥാപിച്ചു. എന്നാൽ പാക് പ്രകോപനം രാത്രി തുടരുമെന്നാണ് കരുതുന്നത്. പാകിസ്ഥാൻ തുർക്കിയിൽ നിന്നും ചൈനയിൽ നിന്നും വാങ്ങിക്കൂട്ടിയ ഡ്രോണുകളാണ് ഇന്ത്യയിലെ നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ടും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും തൊടുത്തുവിടുന്നതെന്നാണ് വിവരം. രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തിൽ ഇന്ന് മാത്രമാണ് ഒരു ഡ്രോൺ നിലംതൊട്ടത്. മറ്റെല്ലാം ഇന്ത്യയുടെ വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam