ഇന്ത്യ-പാക് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍; മോദിക്ക് വീണ്ടും കത്ത് അയച്ചു

By Web TeamFirst Published Jun 7, 2019, 10:00 PM IST
Highlights

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദി - ഇമ്രാൻ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ കത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും കത്തയച്ചു. ചർച്ചയിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കത്തിലെ ആവശ്യം. കശ്മീർ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദി - ഇമ്രാൻ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ കത്ത്. 

ഈ മാസം 13-ന് തുടങ്ങുന്ന ഷാങ്ഹായ സഹകരണ ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കിർഗിസ്ഥാനിലെ ബിഷ്‍കെകിൽ ജൂൺ 13 മുതൽ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ് ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. 

ദില്ലിയിൽ നടന്ന വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താ സമ്മേളനത്തിലാണ് വക്താവ് രവീഷ് കുമാർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് പ്രത്യാക്രമണത്തിനും ശേഷം മേഖലയിൽ സമാധാനം ഉറപ്പാക്കാൻ, രണ്ടാമൂഴത്തിൽ അധികാരമേറ്റ മോദി ഇമ്രാനുമായി ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയപ്പോൾ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഫൈസൽ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ''സമാധാനം, വികസനം, സമൃദ്ധി'' എന്നിവ തെക്കേ ഏഷ്യയിലുണ്ടാകാൻ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും ഫൈസൽ അന്ന് വ്യക്തമാക്കിയിരുന്നു. 

ഈ പരാമർശത്തിന് മറുപടിയായി, മോദി ഇമ്രാൻ ഖാന്‍റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിറക്കിയിരുന്നു. എങ്കിലേ തെക്കേ ഏഷ്യയിൽ ''സമാധാനം, വികസനം, സമൃദ്ധി'' എന്ന നയം നടപ്പാകൂ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു 
 

click me!