അഭിനന്ദന്‍റെ വാച്ചും മോതിരവും തിരികെ നല്‍കി; തോക്ക് പിടിച്ചുവച്ച് പാകിസ്ഥാന്‍

By Web TeamFirst Published Mar 2, 2019, 6:18 PM IST
Highlights

അഭിനന്ദനെ കെെമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്

ദില്ലി: കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കെെമാറിയപ്പോള്‍ അദ്ദേഹത്തിന്‍റെ തോക്ക് പാകിസ്ഥാന്‍ പിടിച്ചുവച്ചു. അഭിനന്ദനെ കെെമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്.

രേഖകള്‍ പ്രകാരം അഭിനന്ദന്‍റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്ഥാന്‍ തിരികെ നല്‍കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിംഗ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിയന്ത്രണ രേഖയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്.

ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി. അഭിനന്ദന് ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്ന് അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു.

തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്ക് ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന്‍ കുളത്തിലേക്ക് ചാടിയെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈയ്യിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പാക് മാധ്യമം റിപ്പോര്‍ട്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.

click me!