
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) നിരവധി താവളങ്ങൾ തകർന്നുവെന്നും, വലിയ നാശനഷ്ടമുണ്ടായെന്നും തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് വ്യോമസേന പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യൻ സ്പേസ് അനലിറ്റിക്സ് സ്ഥാപനമായ കാവസ്പേസും ചൈന ആസ്ഥാനമായുള്ള മിസാസ്‌വിഷനുമാണ് ഈ ഉപഗ്രഹ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭോലാരി, ജക്കോബാബാദ് (ഷാബാസ്), സർഗോധ, റാവൽപിണ്ടിക്കടുത്തുള്ള തന്ത്രപ്രധാനമായ നൂർ ഖാൻ എയർബേസ് എന്നിവയുൾപ്പെടെയുള്ള പിഎഎഫുകൾക്ക് കേടുപാടുകൾ സംഭവിച്ചതും തകർന്നതുമാണ് ചിത്രങ്ങളിൽ കാണാനാകുന്നത്.
ബൊളാരി വ്യോമതാവളം
സിന്ധിൽ സ്ഥിതി ചെയ്യുന്ന പിഎഎഫ് ബേസ് ബൊളാരി ആക്രമണത്തിൽ തകർന്നതായി കവാസ്‌പേസിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ എയർ-ലോഞ്ച്ഡ് ക്രൂയിസ് മിസൈൽ (ALCM) യിൽ നിന്ന് ബ്രഹ്മോസ് ഉപയോഗിച്ചാണ് ബൊളാരി തകർത്തതെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു വലിയ ഭാഗത്തിന്റെ അവശിഷ്ടമടക്കം ചിതറിക്കിടക്കുന്നതും കാണാം.
ജക്കോബാബാദ് (ഷഹബാസ്) വ്യോമതാവളം
ജക്കോബാബാദിലെ പിഎഎഫ് ബേസ് ഷഹബാസിൽ നടത്തിയ കൃത്യമായ ആക്രമണത്തിന്റെ തെളിവുകൾ കവാസ്പേസ് ഉപഗ്രഹ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ചിത്രത്തിൽ ബേസിന്റെ കെട്ടിടത്തിലേക്ക് നേരിട്ട് ഇടിച്ചതായി തോന്നും വിധമാണ് ചിത്രങ്ങൾ. എയർ ട്രാഫിക് കൺട്രോൾ (എടിസി) കെട്ടിടത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചതായാണ് മനസിലാക്കാനാകുന്നത്.
നൂർ ഖാൻ വ്യോമതാവളം
റാവൽപിണ്ടിയിലെ ചക്ലാലയിലാണ് നൂർ ഖാൻ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാന്റെ സൈനിക കമാൻഡിന് കീഴിലുള്ള വളരെ തന്ത്രപ്രധാനമായ താവളമാണിത്. ഇവിടെ ഇന്ത്യൻ ആക്രമണം അടിസ്ഥാന സൗകര്യങ്ങളെയും ഗ്രൗണ്ട് വെഹിക്കിളുകളെയും ലക്ഷ്യമിട്ടായിരുന്നു. ഇതും പദ്ധതി പ്രകാരം ആക്രമിച്ചതിന്റെ തെളിവായുള്ള ചിത്രങ്ങൾ മിസാസ്വിഷൻ പുറത്തു വിട്ടിട്ടുണ്ട്.
സർഗോധ എയർബേസ്
വടക്കൻ വ്യോമ കമാൻഡിന്റെ ഭാഗമായുള്ള പിഎഎഫ് ബേസ് സർഗോധയുടെ ചിത്രങ്ങളും കവാസ്‌പേസ് പുറത്തു വിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ റൺവേയ്ക്ക് സംഭവിച്ച കേടുപാടുകളാണ് വ്യക്തമായി കാണാനാകുന്നത്. ഇത് വിമാന സർവീസ് തടയാൻ ലക്ഷ്യമിട്ടു കൊണ്ടായിരിക്കാം റണ്‍വേ തകർത്തത്. അതേ സമയം കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുമുണ്ട്.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും, പാകിസ്ഥാൻ യാഥാർത്ഥ്യം അംഗീകരിക്കണമെന്നുമുള്ള ഇന്ത്യൻ സർക്കാർ വൃത്തങ്ങളുടെ ശക്തമായ പ്രസ്താവനകൾക്കിടയിലാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്.ആക്രമണങ്ങളുടെ കൃത്യത, വ്യാപ്തി, സൂക്ഷ്മത, ഇന്ത്യൻ സേനയുടെ സാങ്കേതിക മികവ് തുടങ്ങി പല കാര്യങ്ങൾക്കും അടിവരയിടുന്നതാണ് ഈ ഉപഗ്രഹ ചിത്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...