
ദില്ലി: പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്. ഡെണാൾഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്.
അമേരിക്കയുമായുള്ള നീണ്ട ചർച്ചയ്ക്കൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയിലെത്തി. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് എക്സിൽ കുറിച്ചു. അമേരിക്കയുടെ തയതന്ത്ര വിജയമെന്ന തരത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങൾ പങ്കുവച്ചു. പിന്നാലെ പാകിസ്ഥാനും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇന്ത്യയും വെടിനിർത്താൽ പ്രഖ്യാപിച്ചെങ്കിലും പിന്നിൽ മൂന്നാം കക്ഷിയില്ലെന്ന് വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കയുടെ നീക്കങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തി. എന്നാൽ, ഇതിനൊക്ക മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നൽകിയത്. അമേരിക്കയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലേക്ക് ഡ്രോണുകള്‍ വര്‍ഷിച്ചു. വെടിനിര്‍ത്തലിനുശേഷമുള്ള പാക് പ്രകോപനം ഇന്ത്യ-പാക് സംഘർഷം തുടങ്ങിയത് മുതൽ അനുനയ നീക്കങ്ങൾക്ക് ശ്രമിച്ച ട്രംപിനേറ്റ കനത്ത തിരിച്ചടിയായി.
പാകിസ്ഥാന്‍റെ ഈ ഇരട്ടത്താപ്പിനെതിരെ അമേരിക്ക ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആഹ്ലാദം തുടങ്ങി. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ തനിസ്വരൂപം പുറത്തെടുത്തു.
ധാരണ ലംഘിച്ച് വീണ്ടും പ്രകോപനമുണ്ടായി. പാക് ഡ്രോണുകൾ അതിർത്തി കടന്നെത്തി. ഇതോടെ ഇന്ത്യന്‍ സേനയും ശക്തമായ മറുപടി നൽകി. പാകിസ്ഥാന്‍റേത് അംഗീകരിക്കാനാവാത്ത നിലപാടെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. വെടിനിര്‍ത്തൽ കരാര്‍ ലംഘനത്തോടെ സ്ഥിതിഗതികള്‍ അടിയന്തരമായി കേന്ദ്രം ചര്‍ച്ച ചെയ്തു. ഇതിന്‍റെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ കണ്ടു. ഏത് ആക്രമണത്തെയും ചെറുക്കാൻ സേനകൾക്ക് നിർദേശം. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഓൺലൈൻ യോഗം ചേര്‍ന്നു. അതേസമയം, വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam