ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് പാകിസ്ഥാന്‍: അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറും

By Web TeamFirst Published Feb 28, 2019, 4:45 PM IST
Highlights

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍

ദില്ലി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്സിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന‍്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്. 

നിലവിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ തയ്യാറാവുന്ന പക്ഷം അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ഉപാധിയും ഇല്ലാതെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കണം എന്നായിരുന്നു ഇന്ത്യയുടെ നിലപാട് ഇക്കാര്യം ശക്തമായി തന്നെ പാകിസ്ഥാനെ ഇന്ത്യ അറിയിച്ചിരുന്നു. സംയമനം പാലിക്കണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടിരുന്നു. സൗദി വിദേശകാര്യമന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനില്‍ എത്തിയേക്കുമെന്ന് ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി അഭിനന്ദനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. 

Pakistan Prime Minister Imran Khan: As a peace gesture we are releasing Wing Commander Abhinandan tomorrow. pic.twitter.com/J0Attb6KDC

— ANI (@ANI)
click me!