
അമൃത്‍സര്‍: കര്‍താര്‍പൂരിന് ശേഷം മറ്റൊരു ആരാധാനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ പാകിസ്ഥാന്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് ചരിത്രപ്രാധാന്യമുള്ള പെഷാവാറിലെ പഞ്ച് തീര്‍ഥ് ക്ഷേത്രമാണ് അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുക. വനവാസ കാലത്ത് പഞ്ചപാണ്ഡവര്‍ നിര്‍മിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഖൈബര്‍ പഖ്‍തൂന്‍ഖ്വയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാന്‍ എവക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ആമിര്‍ അഹമ്മദ് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പഞ്ച തീര്‍ഥ് ക്ഷേത്രത്തെ ദേശീയ പൈതൃക പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു. വിഭജനത്തിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കുന്ന രണ്ടാമത്തെ ക്ഷേത്രമാണിത്. ഒക്ടോബറില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവാല തേജസ് സിംഗ് ക്ഷേത്രവും തുറന്നുകൊടുത്തിരുന്നു.
ക്ഷേത്രം തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്തു. സിഖ് ആരാധാനാലയങ്ങളായ ഗുരുദ്വാര ദേവാ സാഹിബ്, ഗുരുദ്വാര ഖാര സാഹിബ് എന്നിവയും ഇന്ത്യയിലെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam