പാക്കിസ്ഥാൻ 100 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു

By Web TeamFirst Published Apr 7, 2019, 7:29 PM IST
Highlights

ഈ മാസം നാല് ബാച്ചായി ആകെ 360 തടവുകാരെയാണ് മോചിപ്പിക്കുക

കറാച്ചി: പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന നൂറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഈ മാസം തന്നെ 260 പേരെ കൂടി മോചിപ്പിക്കും. നാല് ഘട്ടമായാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുക. പുൽവാമ ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മോശമായതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളെ അതീവ സുരക്ഷയിൽ കറാച്ചി റെയിൽവെ സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് അല്ലാമ ഇഖ്‌ബാൽ എക്സ്‌പ്രസിൽ ലാഹോറിലേക്ക് കൊണ്ടുപോയി. ലാഹോറിൽ നിന്ന് വാഗാ അതിർത്തിയിൽ എത്തിച്ച ശേഷം മത്സ്യത്തൊഴിലാളികളെ ഇന്ത്യക്ക് കൈമാറും. തടവുകാർക്ക് യാത്രാബത്തയും സമ്മാനങ്ങളും പാക്കിസ്ഥാനിലെ സർക്കാരിതര സംഘടനയായ ഏഥി ഫൗണ്ടേഷൻ നൽകി. 

ഏപ്രിൽ 15 നാണ് അടുത്ത ബാച്ചായ നൂറ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നത്. ഏപ്രിൽ 22 ന് മൂന്നാമത്തെ ബാച്ചിൽ നൂറ് പേരെ കൂടി വിട്ടയക്കും. നാലാമത്തെ ബാച്ചിൽ ഏപ്രിൽ 29 ന് 60 പേരെ കൂടി വിട്ടയക്കാനാണ് തീരുമാനം.

ഇപ്പോൾ പാക്കിസ്ഥാനിൽ 537 ഇന്ത്യാക്കാരാണ് തടവിൽ കഴിയുന്നത്. ഇന്ത്യയിൽ 347 പാക്കിസ്ഥാൻ സ്വദേശികൾ തടവിൽ കഴിയുന്നുണ്ട്. അറബിക്കടലിൽ നിന്നാണ് മോചിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ പാക് സൈന്യം പിടികൂടിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കൃത്യമായി കടലതിർത്തി രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും നിരവധി മത്സ്യത്തൊഴിലാളികളാണ് പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്.

click me!