കൊവിഡിന് ഇടയിലും വെടിനിർത്തില്ല: ജമ്മു കശ്മീരിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ

By Web TeamFirst Published Apr 15, 2020, 7:41 AM IST
Highlights
ഞായറാഴ്ച കുപ്‌വാരയിൽ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പ്രദേശവാസികൾ മരിച്ചിരുന്നു
ദില്ലി: കൊവിഡ് പടരുന്നതിനിടയിലും ജമ്മുകാശ്മീരില്‍ പ്രകോപനം തുടർന്ന് പാക്കിസ്ഥാന്‍. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങൾ പോലും നിരന്തരം ആക്രമിക്കപ്പെടുന്നു. അഞ്ച് ലഷ്കർ ഇ തോയ്ബ ഭീകരർ ഇന്നലെ സൈന്യത്തിന്‍റെ പിടിയിലായി.

ബാരാമുള്ള ജില്ലയിലെ സൊപാറില്‍ നിന്നാണ് അഞ്ച് ലഷ്കർ ഇ തോയ്ബ ഭീകരർ സൈന്യത്തിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ പിടികൂടിയതായി ജമ്മു കാശ്മീർ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകൾ തകർത്ത റോക്കറ്റ് ആക്രമണത്തിനു പിന്നില്‍ ഇവർക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. 

ഞായറാഴ്ച കുപ്‌വാരയിൽ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പ്രദേശവാസികൾ മരിച്ചിരുന്നു. അഞ്ച് പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. നിരവധി വീടുകൾ തകർന്നു. കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ചതിനാല്‍ വീട് തകർന്ന പ്രദേശവാസികൾക്ക് സമീപ ഗ്രാമങ്ങളില്‍ പോലും അഭയം ലഭിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ആഴ്ച കുപ്‌വാരയിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കഴിഞ്ഞയാഴ്ച സൈന്യം വധിച്ചിരുന്നു. തീവ്രവാദികൾക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
click me!