കാശ്മീരി പണ്ഡിറ്റ് 28 വർഷത്തിന് ശേഷം ശ്രീനഗറിലെത്തി; ലഭിച്ചത് വൻ വരവേൽപ്പ്

By Web TeamFirst Published May 2, 2019, 10:44 AM IST
Highlights

തന്റെ കടയിലിരിക്കെയാണ് 1990 ൽ റോഷൻ ലാൽ മാവയ്ക്ക് വെടിയേറ്റത്. ശരീരത്തിൽ പലയിടത്തായി നാല് വെടിയുണ്ടകൾ തറഞ്ഞുകയറി. എന്നാൽ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അദ്ദേഹം വീണ്ടും സ്വന്തം നാടായ ശ്രീനഗറിൽ മടങ്ങിയെത്തി

ശ്രീനഗർ: സ്വന്തം നാട്ടിലേക്ക് 28 വർഷത്തിന് ശേഷം മടങ്ങിയെത്തിയ കാശ്മീരി പണ്ഡിറ്റിന് ലഭിച്ചത് വൻ വരവേൽപ്പ്. ശ്രീനഗറിൽ നിന്ന് 1990 ൽ ജീവനും കൊണ്ട് ഓടിപ്പോയ റോഷൻ ലാൽ മാവയാണ് കഴിഞ്ഞ ദിവസം തിരികെയെത്തിയത്. ശ്രീനഗറിൽ 28 വർഷം മുൻപ് താൻ നടത്തിവന്നിരുന്ന കട അദ്ദേഹം തുറന്നു. സമീപത്തെ മറ്റ് വ്യാപാരികളെല്ലാം ജാതി-മത ഭേദമന്യേ റോഷൻ ലാലിനെ സ്വീകരിക്കാനെത്തി.

ശ്രീനഗറിലെ ഗാദ കൊച്ചയിൽ നന്ദ് ലാൽ മഹാരാജ് കിഷൻ എന്ന മൊത്ത വ്യാപാരശാലയാണ് ഇദ്ദേഹം നടത്തിവന്നത്. എന്നാൽ 1990 ഒക്ടോബറിൽ സംഘർഷത്തിനിടെ ഈ കടയ്ക്കുള്ളിൽ വച്ച് റോഷൻ ലാലിന് വെടിയേറ്റു. ശരീരത്തിന്റെ നാലിടത്താണ് വെടിയേറ്റത്. വളരെ നല്ല നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന കട അടച്ചുപൂട്ടി ഇദ്ദേഹം ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് കുടുംബത്തോടൊപ്പം പോയി.

സമീപത്തെ കടകളിലെ മുസ്ലീങ്ങളായ വ്യാപാരികൾ 74കാരനായ റോഷൻ ലാലിനെ സ്വീകരിക്കുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. റോഷന്റെ മകൻ സന്ദീപ് കാശ്മീരി പണ്ഡിറ്റുകളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാനും മേഖലയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്ന സർക്കാരിതര സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു മകൻ ബെംഗലുരുവിൽ എഞ്ചിനീയറാണ്. റോഷൻ ലാലിന് പിന്നാലെ നൂറോളം കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ ശ്രീനഗറിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് സന്ദീപ് പറഞ്ഞു.

 

click me!