
മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി 500 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30കാരനാണ് ശനിയാഴ്ച മരിച്ചത്. ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ സൂരജ് ഷാ മരിച്ചു.
രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ' ഒന്നു രണ്ട് പാരാഗ്ലൈഡിംഗ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.
ഈ വര്‍ഷം ആദ്യം 12 വയസുകാരന്‍ പാരാഗ്ലൈഡില്‍ നിന്നും വീണു മരിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അടുത്തിടെയാണ് വീണ്ടും റൈഡുകള്‍ തുടങ്ങിയത്. ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കുളു പൊലീസ് സൂപ്രണ്ട് ഗുർദേവ് ശർമ്മ പറഞ്ഞു.
Read More : തുനിഷയുടെ ആത്മഹത്യ; ലൗ ജിഹാദ് ആരോപണവുമായി ബിജെപി മന്ത്രിയും, നിഷേധിച്ച് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam