മകളെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി, ഒരു മാസം കഴിഞ്ഞു, ഒടുവിൽ പൊലീസ് തിരിച്ചറിഞ്ഞത് ക്രൂരമായ ദുരഭിമാനക്കൊല

Published : May 18, 2026, 03:13 AM IST
Honor killing

Synopsis

കർണാടകയിലെ തുംകൂരുവിൽ ബന്ധുവായ യുവാവിനെ പ്രണയിച്ചതിന് 17-കാരിയായ മകളെ അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തി. മകളെ കിണറ്റിലിട്ട് കൊന്ന ശേഷം കുഴിച്ചുമൂടുകയും തുടർന്ന് പോലീസിൽ കാണാനില്ലെന്ന് കള്ളപ്പരാതി നൽകുകയുമായിരുന്നു.  

ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ വീണ്ടും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനക്കൊല. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം, ഒന്നുമറിയാത്ത ഭാവത്തിൽ പൊലീസിൽ കള്ളപ്പരാതി നൽകിയ പിതാവിന്റെ കൊടുംക്രൂരതയാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ നാടുവിട്ട പ്രതിയുടെ തിരക്കഥയാണ് ഒടുവിൽ പൊളിഞ്ഞുവീണത്.

ഏപ്രിൽ 16 മുതൽ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്ന എന്ന 17കാരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ 17 കാരിയായ മേഘ്ന പ്രണയിച്ചിരുന്നു.

18 വയസ്സ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തയ്യാറുമായിരുന്നു. ഈ തീരുമാനത്തോടെ തിമ്മരായപ്പയ്ക്ക് പക്ഷെ യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ ഏപ്രിൽ 16ന് മേഘ്നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകൾ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാൾ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു.

വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ആയിരുന്നു. പിന്നാലെ ഇവർ കല്ലൻപേല്ല പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ആയിരുന്നു. ഈ സമയമെല്ലാം തിമ്മരായപ്പയും കൂടെ ഉണ്ടായിരുന്നു. എന്നാൽ മേഘ്നയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഇയാൾ ഒളിവിൽ പോയി ധർമ്മസ്ഥലയിലും തിരുപ്പതിയിലും എല്ലാം ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇയാൾ കാണിച്ചു നൽകിയ സ്ഥലത്ത് കുഴിയെടുത്ത പോലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തിമ്മരായപ്പയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രസവവേദനയിൽ പുളഞ്ഞ് യുവതി, ഗേറ്റ് അടച്ച് ആശുപത്രി, ഡോക്ടർമാരുമില്ല, പാർക്കിംഗിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം
നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം ഉന്നതരിലേക്ക്, പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ; വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യം കടുപ്പിച്ച് കോൺഗ്രസ്