വിശ്വാസത്തിന്‍റെ പാതയില്‍ അച്ഛന്‍ ബിജെപിയെ നയിച്ചു, ആ പാത അവസാനിച്ചു: ഉത്പല്‍ പരീക്കര്‍

By Web TeamFirst Published Jul 11, 2019, 1:32 PM IST
Highlights

മറ്റു പാര്‍ട്ടികളിലുള്ളവര്‍ പെട്ടെന്നൊരു ദിവസം ബിജെപിയില്‍ വന്നു ചേരുന്ന പുതിയ രീതി ഗോവയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണെന്നും ഉത്പല്‍ പരീക്കര്‍ ചൂണ്ടിക്കാട്ടി.

പനാജി: പ്രതിപക്ഷ നേതാവടക്കം ഗോവ നിയമസഭയിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് മുന്‍ഗോവ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍. തന്‍റെ പിതാവ് ഗോവയില്‍ ബിജെപിയെ നയിച്ചത് വിശ്വാസത്തിന്‍റെ പാതയിലൂടെയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പാത അവസാനിച്ചെന്നും ഉത്പല്‍ പരീക്കര്‍ പറ‍ഞ്ഞു.

മറ്റു പാര്‍ട്ടികളിലുള്ളവര്‍ പെട്ടെന്നൊരു ദിവസം ബിജെപിയില്‍ വന്നു ചേരുന്ന പുതിയ രീതി ഗോവയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണെന്നും ഉത്പല്‍ പരീക്കര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയ്ക്ക് പിറകെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ സാഹചര്യത്തിലാണ് ഉത്പലിന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന പ്രതിപക്ഷനേതാവടക്കം ആകെയുള്ള 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരാണ് ഇന്നലെ തീര്‍ത്തും നാടകീയമായി പാര്‍ട്ടി വിട്ടത്. 

പിതാവിന്‍റെ വഴിയിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ അവസരം കിട്ടിയാല്‍ അത് ചെയ്യുമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്താല്‍ പല തിരിച്ചടികളുമുണ്ടാവുമെന്നും എങ്കിലും ആ വെല്ലുവിളി താന്‍ ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും ഉത്പല്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 17-ന് മനോഹര്‍ പരീക്കര്‍ മരണപ്പെട്ട ശേഷം അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പനാജി സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ഉത്പലിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് കുന്‍കാലിനേക്കറാണ് അവസാനം അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.  

click me!