പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, ഫോൺ ചോർത്തലടക്കം ഉന്നയിക്കാൻ പ്രതിപക്ഷം

By Web TeamFirst Published Jul 19, 2021, 6:53 AM IST
Highlights

ഉന്നതരുടെ ഫോണുകള്‍ ഇസ്രയേലി സ്പൈവയർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായുളള വെളിപ്പെടുത്തൽ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. 

ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഓഗസ്റ്റ് 13 വരെ 19 സിറ്റിംഗാണ് ഈ സമ്മേളനത്തിലുള്ളത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും സമ്മേളനം നടക്കുക. കേന്ദ്ര മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പാർലമെന്റിനെ അറിയിക്കും. രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള അംഗം അബ്ദുൾ വഹാബിന്റെ സത്യപ്രതിജ്ഞയും ആദ്യദിവസമായ ഇന്ന് ഉണ്ടാകും.

വിലക്കയറ്റത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതേ ചൊല്ലിയുള്ള വലിയ പ്രതിഷേധങ്ങളും ഇന്നുണ്ടായേക്കും. ഉന്നതരുടെ ഫോണുകള്‍ ഇസ്രയേലി സ്പൈവയർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായുളള വെളിപ്പെടുത്തൽ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ഇരുസഭകളിലും കർഷക സമരം ഉയർത്തിയാകും സർക്കാരിനെതിരെ നീങ്ങുക. ഇതോടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭാനടപടികൾ പ്രക്ഷുബ്ധമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!