'അനുബന്ധ കുറ്റപത്രം' പാര്‍ലെമന്‍റിലേക്ക്; യെച്ചൂരിയെ പിന്തുണച്ച് പ്രതിപക്ഷം; ചര്‍ച്ചയാക്കണമെന്ന് ആവശ്യം

By Web TeamFirst Published Sep 13, 2020, 5:27 PM IST
Highlights

രാജ്യസഭയില്‍ ചര്‍ച്ചയാവശ്യപ്പട്ട് സിപിഎം നോട്ടീസ് നല്‍കി. വിഷയം ഇരുസഭകളിലും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടിയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

ദില്ലി: സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ദില്ലി കലാപകേസിലെ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം. രാജ്യസഭയില്‍ ചര്‍ച്ചയാവശ്യപ്പട്ട് സിപിഎം നോട്ടീസ് നല്‍കി. വിഷയം ഇരുസഭകളിലും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടിയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

ദില്ലി കലാപ ചര്‍ച്ച വീണ്ടും സജീവമാക്കുകയാണ്  പ്രതിപക്ഷം . കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച  ചോദ്യങ്ങൾ കേന്ദ്രം അവഗണിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. യെച്ചൂരിയടക്കമുള്ളവരുടെ പേരുകള്‍ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് പാര്‍ലെമെന്‍റില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ കെ രാഗേഷ് എംപി രാജ്യസഭയില്‍ കത്ത് നല്‍കി. 

യെച്ചൂരി അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടിയെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ദില്ലി പോലീസിന്‍റെ നടപടിക്ക് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്ക് സമാനമായ നീക്കത്തെ  ചെറുക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

അതേ സമയം കലാപകേസിലെ ഗൂഢാലോചനയില്‍ സീതാറാം യെച്ചൂരിയടക്കമുള്ള ഒന്‍പത് പേരെ പ്രതിചേർത്തെന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ദില്ലി പൊലീസ് തള്ളിയെങ്കിലും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ പേരുകള്‍ കുറ്റപത്രത്തിലുള്‍പ്പെടുത്തിയുണ്ട്. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍  ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന്   പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്,പ്രൊഫസര്‍ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്‍ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവര്‍ പൗരത്വ പ്രതിഷേധം ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്തതായും കുറ്റപത്രത്തിലുണ്ട്.

click me!