
ദില്ലി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാര്‍ ചര്‍ച്ച നടത്തും. അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിനിടെ പാർലമെന്‍റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എംപിക്കെതിരെ കേസെടുത്തിരുന്നു.
ബിജെപി എംപി നല്‍കിയ പരാതിയിൽ ദില്ലി പൊലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് ആരംഭിച്ചു.
ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെ ഉന്തും തള്ളുമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുല്‍ ഗാന്ധി തൊഴിച്ചിട്ടെന്ന് എംപിമാര്‍ ആരോപിച്ചു.
പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുല്‍ പെരുമാറിയെന്ന് നാഗാലന്‍ഡിലെ വനിത എംപി ഫാംഗ്നോന്‍ കൊന്യാക് രാജ്യസഭയില്‍ പരസ്യമായി പറഞ്ഞു. ചെയര്‍മാന് രേഖാമൂലം പരാതിയും നല്‍കി. യങ്കാ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഭരണപക്ഷ എംപിമാര്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു. പ്രിതന്‍റെ മുട്ടിന് പരിക്കേറ്റെന്ന് ഖര്‍ഗെ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രശ്നമുണ്ടാക്കിയത് ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ചു. വധശ്രമം, മാരകമായ മുറിവേല്‍പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കിയിരിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam