പൗരത്വം: 'എന്തുകൊണ്ട് ക്രിസ്ത്യാനികളും പാഴ്സികളും ഉൾപ്പെട്ടു, മുസ്ലിംകൾ ഒഴിവായി'; വിശദീകരണവുമായി അമിത് ഷാ

Published : Mar 15, 2024, 11:34 AM ISTUpdated : Mar 15, 2024, 11:57 AM IST
പൗരത്വം: 'എന്തുകൊണ്ട് ക്രിസ്ത്യാനികളും പാഴ്സികളും ഉൾപ്പെട്ടു, മുസ്ലിംകൾ ഒഴിവായി'; വിശദീകരണവുമായി അമിത് ഷാ

Synopsis

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ മറുപടി. സിഎഎ ജനാധിപത്യ വിരുദ്ധമാണെന്നും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് പ്രധാന വിമര്‍ശനം. 

ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം നൽകുന്നതിൽ എന്തുകൊണ്ട് ക്രിസ്ത്യാനികളും പാഴ്സികളും ഉൾപ്പെട്ടുവെന്നും എന്തുകൊണ്ട് മുസ്ലിം വിഭാ​ഗത്തെ ഒഴിവാക്കിയതെന്നുമാണ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ വിശദീകരിച്ചത്. 

2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. മുസ്ലീം ജനസംഖ്യ കാരണം ആ പ്രദേശങ്ങൾ ഇന്ന് ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്ക് നൽകിയതാണ്. അഖണ്ഡഭാരതത്തിൻ്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് നമ്മുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആധുനിക അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമുൾക്കൊള്ളുന്നതാണ് അഖണ്ഡ ഭാരതമെന്ന ആശയമെന്നും അമിത് ഷാ വ്യക്തമാക്കി. 

വിഭജന സമയത്ത് പാകിസ്ഥാനിലെ ജനസംഖ്യയുടെ 23 ശതമാനം ഹിന്ദുക്കളായിരുന്നു. ഇപ്പോൾ അത് 3.7 ശതമാനമായി കുറഞ്ഞു. അവർ എവിടെ പോയി. ഇത്രയും പേർ ഇന്നവിടെയില്ല. നിർബന്ധിത മതപരിവർത്തനം നടന്നു. അവരെ അപമാനിച്ചു. രണ്ടാംതരം പൗരന്മാരായി കണക്കാക്കി. അവർ എവിടെ പോകുമെന്നും അമിത് ഷാ ചോദിച്ചു. 1951-ൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നു. 2011-ൽ  10 ശതമാനമായി കുറഞ്ഞു. അവർ എവിടെ പോയി. അഫ്ഗാനിസ്ഥാനിൽ 1992-ൽ ഏകദേശം 2 ലക്ഷം സിഖുകാരും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇപ്പോൾ 500 പേർ അവശേഷിക്കുന്നു. അവർക്ക് അവരുടെ മത വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ അവകാശമില്ലേ. ഭാരതം ഒന്നായിരുന്നപ്പോൾ അവർ നമ്മുടേതായിരുന്നു. അവർ നമ്മുടെ സഹോദരീസഹോദരന്മാരാണെന്നും അമിത് ഷാ പറഞ്ഞു. 

ഷിയാ, ബലൂച്, അഹമ്മദിയ മുസ്‌ലിംകൾ തുടങ്ങിയ പീഡിപ്പിക്കപ്പെടുന്ന സമുദായങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും അമിത് ഷാ മറുപടി നൽകി. ലോകമെമ്പാടും ഷിയാ, ബലൂച്, അഹമ്മദിയ തുടങ്ങിയ വിഭാ​ഗങ്ങളെ ഒരു മുസ്ലീം ബ്ലോക്കായി കണക്കാക്കുന്നു. കൂടാതെ, മുസ്ലിംകൾക്ക് ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം. ഭരണഘടനയിൽ അതിന് വ്യവസ്ഥയുണ്ട്. ദേശീയ സുരക്ഷയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ തീരുമാനമെടുക്കും. അതേസമയം, സാധുവായ രേഖയില്ലാതെ അതിർത്തി കടന്നെത്തിയ, പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക നിയമമാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മറ്റുരാജ്യങ്ങളിൽ നിന്നെത്തിയവരിൽ  85 ശതമാനത്തിലധികം പേർക്കും രേഖകളുണ്ടെന്നും അമിത് ഷാ പറഞ്ഞു. 

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ മറുപടി. സിഎഎ ജനാധിപത്യ വിരുദ്ധമാണെന്നും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് പ്രധാന വിമര്‍ശനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജിലേക്ക് പോയ പെൺകുട്ടികളെ കാണാതായി, തിരച്ചിലിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ, സമീപം മയക്കുമരുന്നും സിറിഞ്ചും
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'