ഡൽഹിയിലെ സമര വിജയത്തിന് പിന്നാലെ പിന്തുണച്ച വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും കോക്രോച്ച് ജനത പാർട്ടി (സിജെപി) നന്ദി അറിയിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കിയപ്പോൾ, പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ദില്ലി പൊലീസ്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പരാമർശിച്ച് സിജെപി നന്ദി പറഞ്ഞു. പിന്തുണ നൽകിയ മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും നന്ദിയെന്ന് സിജെപിയുടെ ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക എക്സിൽ കുറിച്ചു. ഈ സംഘടനകൾ സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

അതേസമയം, മരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്. അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാക്കുകയാണ് ദില്ലി പൊലീസ്.

പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ അന്തിമ തീരുമാനം സർക്കാരിൻ്റെ തീരുമാനമുണ്ടായാൽ തുടർ അന്വേഷണം നിർത്തിവെക്കും. സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയിൽ പുരോഗതിയെന്ന് ആ ർ എംഎൽ ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിൽ സിവാനിലെ വെടിവെപ്പിൽ പരിക്കേറ്റത് മൂന്നുപേർക്കാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകും.