ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റ‍ർ ചെയ്യണം, വീഴ്ച വരുത്തിയാൽ ജയിലിലാവും; ഏക സിവിൽ കോഡിലെ നിബന്ധനകൾ ഇങ്ങനെ

Published : Feb 06, 2024, 01:41 PM IST
ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റ‍ർ ചെയ്യണം, വീഴ്ച വരുത്തിയാൽ ജയിലിലാവും; ഏക സിവിൽ കോഡിലെ നിബന്ധനകൾ ഇങ്ങനെ

Synopsis

ലിവിങ് ടുഗെതര്‍ രജിസ്ട്രേഷന് അധികൃതർക്ക് അപേക്ഷ നൽകണം. ബന്ധം അവസാനിപ്പിക്കുമ്പോഴും ഇക്കാര്യം അറിയിക്കണം. രജിസ്ട്രേഷൻ നിഷേധിക്കാൻ ഉദ്യോഗസ്ഥന് അധികാരമുണ്ടാവും. 

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാന നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച ഏക സിവിൽ കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ബന്ധങ്ങളിൽ ഏര്‍പ്പെടുന്നവര്‍ 21 വയസിൽ താഴെയുള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതര്‍ ബന്ധത്തിൽ ഏര്‍പ്പെടുന്നതെങ്കിലും നിയമം ബാധകമാവും.

രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ പൊതുനയങ്ങള്‍ക്കോ ധാര്‍മിക മര്യാദകള്‍ക്കോ നിരക്കുന്നതല്ലെങ്കിൽ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് അനുമതി നിഷേധിക്കും. പങ്കാളികളിൽ ഒരാൾ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലോ ഉള്ള ആളായിരിക്കുക, പങ്കാളികളിൽ ഒരാൾ 21 വയസിൽ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകള്‍ വ്യാജമായോ തട്ടിപ്പിലൂടെയോ ആൾമാറാട്ടത്തിലൂടെയോ ഉണ്ടാക്കിയതാവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്. 

ലിവിങ് ടുഗെതർ ബന്ധങ്ങള്‍ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ ഒരു വെബ്‍സൈറ്റ് തുടങ്ങുമെന്നും ഇതിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ രജിസ്ട്രാർ പരിശോധിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ  പറഞ്ഞു. ജില്ലാ രജിസ്ട്രാർ അന്വേഷണം നടത്തിയായിരിക്കും അംഗീകാരം നല്‍കുക. അന്വേഷണത്തിനായി ഉദ്യോഗസ്ഥന് പങ്കാളികളിൽ  ഒരാളെയോ രണ്ട് പേരെയുമോ മാതാപിതാക്കളെയോ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താനും അധികാരമുണ്ടാവും. രജിസ്ട്രേഷൻ നിഷേധിച്ചാൽ അക്കാര്യം ഉദ്യോഗസ്ഥൻ രേഖാമൂലം അറിയിക്കണം. കാരണങ്ങളും വിശദീകരിക്കണം.

ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണം. ഇതിന് ഉന്നയിക്കുന്ന കാരണങ്ങള്‍ തെറ്റാണെന്നോ സംശയകരമാണെന്നോ തോന്നുന്നപക്ഷം രജിസ്ട്രാര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടാം. പങ്കാളികളിൽ ഒരാൾ 21 വയസിൽ താഴെയുള്ള ആളാണെങ്കിൽ രക്ഷിതാക്കളെയും അറിയിക്കാം.

ലിവിങ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് മൂന്ന് മാസം തടവോ 25,000 രൂപയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പരമാവധി ആറ് മാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റര്‍ ചെയ്യാൻ ഒരു മാസം വൈകിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്. 

ലിവിങ് ടുഗെതര്‍ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെ വിവാഹ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളെപ്പോലെ തന്നെ കണക്കാക്കുമെന്നും അവര്‍ക്ക് സ്വത്തവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും ഉണ്ടാവുമെന്നും നിയമത്തിലുണ്ട്. ലിവിങ് ടുഗെതര്‍ പങ്കാളി ഉപേക്ഷിച്ചു പോകുന്ന സ്ത്രീയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വർക്കിംഗ് പ്രസിഡന്‍റ്; എന്തുകൊണ്ട് ദേശീയ അധ്യക്ഷനാക്കിയില്ല, അതിവേഗ നീക്കത്തിന് കാരണം? അറിയാം
ബിജെപിയില്‍ തലമുറമാറ്റം വരുന്നു, നിതിൻ നബീൻ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു