
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ഡബ്ല്യുസിസി അംഗവുമായ പാർവതി തിരുവോത്ത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലാണ് പാർവതി അഭിപ്രായങ്ങൾ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ല. അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാർവതി ചോദിച്ചു. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പലയിടത്തും നടപടിയിൽ അഭാവമുണ്ടായി. എന്നാൽ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി കണ്ടു. സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് തന്നെ വിപരീതമായി കാര്യങ്ങൾ നടന്നുവെന്നും പാര്‍വതി പറഞ്ഞു.
തൊഴിലാളികളുടെ അവകാശത്തിനായി നിലകൊളുന്ന സർക്കാറിനും ആ ഒരു പാർട്ടിക്കും തന്നെ വിപരീതമായാണ് സംസാരിക്കുന്നത്. വ്യക്തിപരമായി പ്രതീക്ഷകൾ നഷ്ടപ്പെടുന്ന കാര്യങ്ങളാണിതൊക്കെയെന്നും അവർ പറഞ്ഞു.
മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam