
ദില്ലി: യാത്രക്കാരൻ കൊവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിൽ വിമാനം യാത്ര റദ്ദാക്കി. ദില്ലിയിൽ നിന്നും പൂനെയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഒരു യാത്രക്കാരൻ താൻ കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
ഇൻഡിഗോയുടെ ദില്ലിയിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിക്കാനിരുന്ന 6E-286 വിമാനത്തിൽ വച്ചായിരുന്നു സംഭവം. യാത്രക്ക് മുന്നോടിയായുള്ള എല്ലാ പ്രക്രിയകളും പൂർത്തിയാക്കി എല്ലാവരും സീറ്റിൽ ഇരുന്ന ശേഷമായിരുന്നു ക്യാബിൻ ക്രൂവിനോടുള്ള വെളിപ്പെടുത്തൽ. പറയുന്നത് സത്യമാണെന്ന് കാണിക്കാനാവശ്യമായ രേഖകളും ജീവനക്കാരെ കാണിച്ചു. വിവരം അറിഞ്ഞ പൈലറ്റ് ഗ്രൗണ്ട് കണ്ട്രോളിൽ വിവരമറിയിച്ചു തുടർന്ന് യാത്ര വൈകുമെന്ന് അനൗൺസ് ചെയ്തു.
കൊവിഡ് രോഗിയുടെ അടുത്ത സീറ്റുകളിലിരുന്നവരെ ആദ്യം വിമാനത്തിൽ നിന്ന് മാറ്റി. പിന്നീട് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പിപിഇ കിറ്റുകൾ വിതരണം ചെയ്തു. വിമാനം പൂർണ്ണമായും ശുചീകരിച്ച ശേഷം യാത്ര തുടർന്നു. രോഗിയായ യാത്രക്കാരനെ ദില്ലിയിലെ സഫ്ദർജംഗ് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam