വന്ദേഭാരതിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം, സ്റ്റേഷനിലിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published : Jun 05, 2025, 01:34 PM ISTUpdated : Jun 05, 2025, 01:35 PM IST
Jodhpur to Delhi Vande Bharat Express Special Train

Synopsis

മറ്റ് യാത്രക്കാരും റെയിൽവെ ജീവനക്കാരും ആർപിഎഫും ചേർന്ന് അടിയന്തിര പരിചരണം നൽകിയെങ്കിലും സ്ഥിരി ഗുരുതരമായിരുന്നു.

ഭുവനേശ്വർ: വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ബുധനാഴ്ച ഹൗറ - പുരി വന്ദേഭാരത് ട്രെയിനിലായിരുന്നു സംഭവം. സൗത്ത് കൊൽക്കത്തയിലെ ധാകുരിയ സ്വദേശിയായ ഹിമാദ്രി ഭൗമിക് (57) ആണ് മരിച്ചത്.

സുഹൃത്തും ഒരു അക്കാദമിക് കൺസൾട്ടിങ് സ്ഥാപനത്തിന്റെ ഉടമയുമായ ദേബാരതി മജുംദാറിനൊപ്പം ഭുവനേശ്വറിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഭൗമിക്. ബിസിനസ് ആവശ്യങ്ങൾക്കായി ചിലരെ കാണാനായിരുന്നു യാത്ര. സി2 കോച്ചിൽ യാത്ര തുടരുന്നതിനിടെ ട്രെയിൻ കട്ടക് പിന്നിട്ടപ്പോൾ ഭൗമിക് ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങിവന്നു. അൽപനേരം കഴിഞ്ഞപ്പോൾ ശാരീരിക അസ്വാസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റ് യാത്രക്കാരും അടിയന്തിര പരിചരണം നൽകി. ട്രെയിനിലെ ജീവനക്കാരും റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരുമെത്തി. ചിലർ സിപിആർ കൊടുക്കുകയും ചെയ്തു. ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സുഹൃത്ത് പറഞ്ഞു. ഉച്ചയ്ക്ക് 1.40നാണ് ട്രെയിൻ ഭുവനേശ്വറിലെത്തിയത്.

സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭൗമിക് പ്രമേഹത്തിന് മരുന്ന് കഴിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടയാളുടെ ബന്ധുക്കളും കൊൽക്കത്തയിൽ നിന്ന് ഭുവനേശ്വറിലേക്ക് തിരിച്ചു. 

ട്രെയിനിൽ വെച്ച് അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ സാധ്യമായ സഹായമെല്ലാം യാത്രക്കാരന് ലഭ്യമാക്കിയതായി ഈസ്റ്റ് കോസ്റ്റ് റെയിൽവെ അറിയിച്ചു. റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥനും യാത്രക്കാരനെ ആശുപത്രിയിലേക്ക് അനുഗമിച്ചതായി അധികൃതർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു