
വിജയവാഡ : ദില്ലിയിൽ നിന്ന് ഇന്നലെ പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ വിജയവാഡയിൽ തടഞ്ഞു. ഒരു ബോഗിയിലെ എസി തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യാത്രക്കാർ ട്രെയിൻ തടഞ്ഞത്. ഇന്നലെ മുതൽ പരാതിപ്പെട്ടിട്ടും ഇക്കാര്യം പരിഹരിക്കാൻ തയ്യാറായട്ടില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട 12626 നമ്പർ കേരള എക്സ്പ്രസിന്‍റെ ബി 1 കോച്ചിലെ ഏസിയാണ് പ്രവർത്തനരഹിതമായത്. യാത്ര തുടങ്ങിയപ്പോൾ തന്നെ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാഞ്ഞതോടെ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് ത്സാൻസിയിലെത്തിയ ശേഷം പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകിയതോടെ യാത്രക്കാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ത്സാൻസിയിൽ വച്ച് പ്രശ്നം താത്കാലികമായി പരിഹരിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഏസി പ്രവർത്തനരഹിതമാകുകയായിരുന്നു.
വീണ്ടും യാത്രക്കാർ പരാതിപ്പെട്ടതോടെ വിജയവാഡയിൽ വച്ച് പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ട്രെയിൻ വിജയവാഡയിൽ എത്തിയപ്പോൾ പ്രശ്നം പരിഹരിക്കാൻ യാതൊരു നീക്കവും ഉണ്ടായില്ല. ഇതേ തുടർന്നാണ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ തടഞ്ഞത്. ട്രെയിൻ നിർത്തിച്ച യാത്രക്കാർ പിന്നീട് എൻജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam