എന്‍ഡിഎ സര്‍ക്കാറില്‍ ഒരിക്കലും ചേരില്ലെന്ന് ജനതാദള്‍ യുണെറ്റഡ്

By Web TeamFirst Published Jun 2, 2019, 3:20 PM IST
Highlights

ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്‍റെ വക്താവ് കെസി ത്യാഗി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് ഈ കാര്യം വ്യക്തമാക്കിയത്. 

പാറ്റ്ന: എന്‍ഡിഎ സര്‍ക്കാറില്‍ ഒരിക്കലും ചേരില്ലെന്ന് ജനതാദള്‍ യുണെറ്റഡ്.  ബിജെപിയുടെ ബിഹാറില്‍ നിന്നുള്ള പ്രധാനഘടക കക്ഷിയാണ് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു. ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്‍റെ വക്താവ് കെസി ത്യാഗി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് ഈ കാര്യം വ്യക്തമാക്കിയത്. പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ കാലത്ത് ജെഡിയു 3 മന്ത്രിസ്ഥാനമാണ് കേന്ദ്രമന്ത്രി സഭയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒന്ന് തരാം എന്നാണ് ബിജെപി സമ്മതിച്ചത്.

ഇതിനെതുടര്‍ന്ന് മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ജെഡിയുവില്‍ നിന്നും അരും മന്ത്രിയായില്ല. ഞങ്ങള്‍ക്ക് ലഭിച്ചത് തീര്‍ത്തും അസ്വീകാര്യമായിരുന്നു. അതിനാല്‍ തന്നെ ജെഡിയു തുടര്‍ന്നും കേന്ദ്രത്തിലെ എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമാകില്ല, ഇത് അവസാന തീരുമാനമാണെന്ന് കെസി ത്യാഗി പ്രസ്താവിച്ചു. 

ഒരു ജെഡിയു പ്രതിനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം എന്നാണ് ബിജെപി നിര്‍ദേശിച്ചത്, അങ്ങനെയാണെങ്കില്‍ അത് തീര്‍ത്തും പ്രതികാത്മക സ്ഥാനം മാത്രമാകും. അതിനാല്‍ തന്നെ ഈ സ്ഥാനം വേണ്ടെന്ന് ഞങ്ങള്‍ അറിയിച്ചു, ഇങ്ങനെയാണ് മെയ് 30 ജെഡിയു തലവനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പ്രതികരിച്ചത്. എന്നാല്‍ ഇത് വലിയ വിഷയം അല്ലെന്നും എന്‍ഡിഎയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഞങ്ങള്‍ ഉണ്ടാകുമെന്നും ജെഡിയു അദ്ധ്യക്ഷന്‍ വ്യക്തമാക്കി. 

എന്നാല്‍ ഒരു ദിവസം കഴിഞ്ഞ് പ്രതികരിച്ച നിതീഷ് കുമാര്‍, ബീഹാറില്‍ എന്‍.ഡി.എ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തത്. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മിഥ്യാബോധം മാത്രമാണെന്നും  പറഞ്ഞു. 

എന്‍.ഡി.എ ഘടകകക്ഷികളായ അപ്നാ ദള്‍, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്കും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. അതേസമയം ഇത്തവണ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം വിലപ്പോവില്ല. 543 അംഗ ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഭരിക്കാന്‍ ആവശ്യമായ 272 സീറ്റും കഴിഞ്ഞ് 303 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഘടകകക്ഷിക്കും മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പോലും ബി.ജെ.പിക്ക് ഭരിക്കാനാവും. 

2014ല്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യത്തില്‍ ഉണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യത്തിന്‍റെ ഭാഗമായി നിന്ന് ഭരണം പിടിച്ച നിതീഷ് കുമാര്‍ പിന്നീട് സഖ്യം പൊളിച്ച് എന്‍.ഡി.എയ്ക്ക് ഒപ്പം പോവുകയായിരുന്നു.

click me!