
കൊൽക്കത്ത: ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചാരപ്പണി തടയാൻ തന്റെ മൊബൈൽ ഫോണിലെ ക്യാമറയിൽ പ്ലാസ്റ്ററിട്ടുവെന്നാണ് മമത പറഞ്ഞത്. പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു. ഞാൻ ഫോൺ പ്ലാസ്റ്ററിട്ടു, വീഡിയോ ആയാലും ഓഡിയോ ആയാലും അവർ ചോർത്തുന്നുണ്ട് - മമത പറഞ്ഞു.
ദില്ലിയിലെയോ ഒഡീഷയിലെയോ മുഖ്യമന്ത്രിമാരുമായി തനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. പെഗാസസ് അപകടകാരിയാണ്. അത് ആളുകളെ ഉപദ്രവിക്കുകയാണ്. പലപ്പോഴും എനിക്ക് ആരോടും സംസാരിക്കാനാകുന്നില്ല. ദില്ലിയിലെയോ ഒഡീഷയിലെയോ മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ എനിക്ക് സാധിക്കുന്നില്ല - മമതാ ബാനർജി ആരോപിച്ചു.
പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. രാഷ്ട്രീയ നീക്കങ്ങൾക്ക് സോഫ്റ്റ് വെയർ ഉപയോഗിച്ചു എന്നാണ് മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ട് നല്കുന്ന സൂചന. കർണ്ണാടകത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ സോഫ്റ്റ് വെയർ ഉപയോഗിച്ചു എന്നാരോപിച്ച കോൺഗ്രസ് മഹാരാഷ്ട്രയിലെ മാറ്റങ്ങൾക്ക് ഇപ്പോൾ ഇത് ആയുധമാക്കുന്നു എന്നും കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വിഷയം സജീവമാക്കി നിറുത്താനാണ് തീരുമാനം. ഈ സർക്കാർ ചാരപ്പണിക്ക് വേണ്ടിയുള്ള ചാരപണിയിലൂടെയുള്ള സർക്കാരായി മാറി. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു.
ഒരാളെ നിരീക്ഷിക്കാൻ രണ്ടു മുതൽ അഞ്ചു കോടി വരെ ചെലവ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. എത്രകോടി നൽകിയാണ് ഈ സോഫ്റ്റ് വെയർ വാങ്ങിയത് എന്ന് കേന്ദ്രം പാർലമെൻറിൽ വിശദീകരിക്കണമെന്ന ആവശ്യത്തെ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയും പിന്താങ്ങി. ആരാണ് പെഗാസസിന് പണം നല്കിയതെന്ന് അറിയേണ്ടതുണ്ട്. ഒന്നും ഒളിക്കാനില്ലെങ്കിൽ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി സത്യം വെളിപ്പെടുത്തണമെന്നും സ്വാമി ട്വീറ്റ് ചെയ്തു.
ശശി തരൂർ അദ്ധ്യക്ഷനായ ഐടി പാർലമെൻററി സമിതി 2019ൽ വോട്ടെടുപ്പിലൂടെയാണ് വിഷയം പരിഗണിച്ചത്. 28ന് ചേരുന്ന സമിതിയോഗത്തിൽ വീണ്ടും ഫോൺ ചോർത്തൽ ഉയർന്നു വരും. ശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രതിരോധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam