പെഗാസസ്: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Published : Oct 27, 2021, 08:04 PM IST
പെഗാസസ്: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Synopsis

''ആരാണ് പെഗാസസിന്റെ ഉത്തരവാദികള്‍, ആര്, ആര്‍ക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്''.  

ദില്ലി: ഇന്ത്യന്‍ ജനാധിപത്യത്തെ(Indian democracy) തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ (Pegasus) നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി Rahul Gandhi). ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ''പെഗാസസ് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങള്‍ക്കും എതിരെയാണ് പെഗാസസ് ആക്രമണം. സുപ്രീം കോടതി (Supreme court) നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്''-രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് പ്രശ്‌നം ഞങ്ങള്‍ ഉന്നയിച്ചതാണ്. ഇപ്പോള്‍ സുപ്രീം കോടതിയും വിഷയത്തില്‍ നയം വ്യക്തമാക്കുകയും ഞങ്ങള്‍ പറഞ്ഞതിനെ പിന്തുണക്കുകയും ചെയ്തു. ആരാണ് പെഗാസസിന്റെ ഉത്തരവാദികള്‍, ആര്, ആര്‍ക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്. മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി, ബിജെപി മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയെല്ലാം പെഗാസസ് ഉപയോഗിച്ചിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ വിവരങ്ങള്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ലഭിച്ചിരുന്നോ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍ സംഭാഷണം പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

 

കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതില്‍ അടക്കം കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമാണ് പെഗാസസ് കേസിലെ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി ഇന്ന് നടത്തിയത്. ദേശസുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളില്‍ നിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് കോടതി തുറന്നടിച്ചു. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

പെഗാസെസ് ചാരസോഫ്റ്റ്വയെര്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശം തള്ളി പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതിയെ വച്ചതോടെ ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയത്. ഫോണുകള്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ദേശ സുരക്ഷയെ മുന്‍ നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന തൊടു ന്യായത്തെ രൂക്ഷമായ ഭാഷയില് കോടതി വിമര്‍ശിച്ചു.

വിവരങ്ങള്‍ നല്‍കാന്‍ പല കുറി സമയം നല്‍കി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ പരിമിതമായ വിവരങ്ങളുള്ള സത്യവാങ്മൂലമാണ് നല്‍കിയത്. വിവരങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ തങ്ങളുടെ ബാധ്യത കുറഞ്ഞേനെയെന്ന് കോടതി പറഞ്ഞു. സ്വകാര്യതക്കുള്ള അവകാശം ഹനിക്കപ്പെടുന്ന കാര്യമാണ് നടന്നിരിക്കുന്നത്. നിയമത്തിന്റെ പിന്‍ബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറരുത്. ജനാധിപത്യ സമൂഹത്തില്‍ സ്വകാര്യതയെ കുറിച്ച് പൗരന്മാര്‍ക്ക് ഇപ്പോള്‍ ആശങ്കയുണ്ട്. പൗരന്മാരെ ബാധിക്കുന്ന വിഷയത്തെ ഗൗരവത്തോടെ കാണാന്‍ കേന്ദ്രത്തിനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.കോടതിയെ വെറും കാഴ്ചക്കാരാക്കരുതെന്നും ഭരണഘടനാനുസൃതമായി വേണം കാര്യങ്ങള്‍നടപ്പാക്കാനെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സമിതി നിലവില്‍ വന്നതോടെ പെഗാസെസ് ഉപയോഗിച്ചോ ഇല്ലയോ എന്നതില്‍ കേന്ദ്രത്തിന് കൃത്യമായ മറുപടി നല്‍കേണ്ടി വരും. ഫോണുകള്‍ ചോര്‍ത്തപ്പെട്ടെങ്കില്‍ എന്തിന് എന്ന ചോദ്യവും നിര്‍ണ്ണായകമാകും.കെട്ടി ചമച്ച ആരോപണം എന്ന ന്യായീകരണം ഉന്നയിച്ച് ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച സര്‍ക്കാരിനോട് അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിരിക്കുകയാണ്.
 

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി