
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വെളിപ്പെടുത്തൽ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. ഇരു സഭകളും ഉച്ചക്ക് 2 മണിവരെ നിർത്തി വെച്ചു. കേന്ദ്ര മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താല്പര്യമില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയും പ്രതിപക്ഷ ബഹളം വെച്ചതോടെ സഭയെ അപമാനിക്കുന്നുവെന്ന് രാജ്നാഥ് സിംഗും പ്രതിപക്ഷം സഭയുടെ അന്തസ് ഇടിക്കാനാണ് ശ്രമിക്കുന്നത് സ്പീക്കർ ഓംബിർളയും ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളുടെയും സുപ്രീംകോടതി ജഡ്ജിയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകൾ ഇസ്രായേലി ചാര സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ചോര്‍ത്തി എന്ന വെളിപ്പെടുത്തലിൽ ചര്‍ച്ചയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നീക്കം. കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി എഴുന്നേറ്റപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു. നടുത്തിലിറങ്ങി പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെയാണ് സഭ നടപടികൾ നിര്‍ത്തിവെച്ചത്. രാജ്യസഭയിലും ഇതേവിഷയത്തിലായിരുന്നു പ്രതിപക്ഷ ബഹളം.
ഇതിന് മുമ്പും പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയം പല പാര്‍ടികളും ഇരുസഭകളിലും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പേരുകൾ കൂടി പുറത്തുവന്നതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കേന്ദ്ര മന്ത്രിമാരുടെ വരെ ഫോണുകൾ ചോര്‍ത്തി എന്ന വെളിപ്പെടുത്തലും സര്‍ക്കാരിന് തലവേദനയാകും.
വര്‍ഷകാല സമ്മേളനത്തിൽ മറ്റ് വിഷയൾക്കൊപ്പം സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടിയ ശക്തമായ ആയുധമായി പെഗാസിസ് വിവാദം മാറി. അതിനിടെ ഇന്ധന വില വര്‍ദ്ധനക്കെതിരെ മഴയത്ത് സൈക്കിൾ ചവിട്ട് എത്തിയുള്ള തൃണമൂൽ അംഗങ്ങളുടെ പ്രതിഷേധവും പാര്‍ലമെന്‍റിന് മുന്നിൽ നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam