2014നും 2019നും ഇടയില്‍ രജിസ്റ്റര്‍ ചെയ്തത് 326 രാജ്യദ്രോഹക്കേസുകള്‍; ശിക്ഷിച്ചത് ആറ് പേരെ

By Web TeamFirst Published Jul 19, 2021, 12:49 PM IST
Highlights

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124(എ) വകുപ്പ് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2019ലാണ് ഈ വകുപ്പിന് കീഴില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

2014നും 2019നും ഇടയില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയത്ത് 326 രാജ്യദ്രോഹക്കേസുകളെന്ന് റിപ്പോര്‍ട്ട്. ഈ കേസുകളില്‍ ആറ് പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124(എ) വകുപ്പ് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാ ഗാന്ധി അടക്കമുള്ളവരെ അടിച്ചമര്‍ത്താനായി ഉപയോഗിച്ചിരുന്ന വകുപ്പായിരുന്നു ഇതെന്നും കോടതി നിരീക്ഷിച്ചിരുന്നു.  കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍ അനുസരിച്ച് 326 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി 2014 മുതല്‍ 2019 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാജ്യദ്രോഹ കുറ്റത്തിൻ്റെ നിയമസാധ്യത ചോദ്യം ചെയ്ത് സുപ്രീംകോടതി: കൊളോണിയൽ നിയമമെന്നും വിമർശനം

ഇതില്‍ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അസമിലാണ്. ഈ കേസുകളില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത് വെറും 141 കേസുകളിലാണ്. ഇതില്‍ നിന്ന് 6 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2020ലെ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് വിശദമാക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അസമിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 54 കേസുകളില്‍ 26കേസുകളില്‍ കുറ്റപത്രം നല്‍കി. 25 കേസുകളുടെ വിചാരണയും ഇവിടെ പൂര്‍ത്തിയായിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒറ്റക്കേസില്‍ പോലും അസമില്‍ ആരെയും ശിക്ഷിച്ചിട്ടില്ലെന്നും കണക്ക് വിശദമാക്കുന്നു.

ജാര്‍ഖണ്ഡില്‍ 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 29 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 16 കേസുകളുടെ വിചാരണ പൂര്‍ത്തിയായപ്പോള്‍ ഒരാളെ മാത്രമാണ് ശിക്ഷയ്ക്ക് വിധിച്ചത്. ഹരിയാനയില്‍ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 19 കേസുകളില്‍ മാത്രമാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ആറ് കേസുകളില്‍ മാത്രം വിചാരണ പൂര്ത്തിയായ ഹരിയാനയിലും ഒരാശെ പോലും ശിക്ഷിച്ചിട്ടില്ല. ബിഹാര്‍, ജമ്മു കശ്മീര്‍, കേരളം എന്നീ സംസ്ഥാനത്തില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കേരളവും ബിഹാറും ഒരു കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ജമ്മു കശ്മീരില്‍ മൂന്ന് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും ഒരാള്‍ പോലും ഈ കാലയളവില്‍ രാജ്യദ്രോഹക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

'124 എ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം', ഹർജികളിൽ എജിയുടെ നിലപാട് തേടി സുപ്രീംകോടതി

22 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കര്‍ണാടകയില്‍ 17 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാവുകയും ചെയ്തെങ്കിലും ആരെയും ശിക്ഷിച്ചിട്ടില്ല. 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ആരെയും രാജ്യദ്രോഹത്തിന് ശിക്ഷിച്ചിട്ടില്ല. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ദില്ലിയില് ഒരു കേസില്‍ പോലും കുറ്റപത്രം രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേന്ദ്ര ഭരണ പ്രദേശങ്ങളിലും മേഘാലയ, മിസോറാം, ത്രിപുര, സിക്കിം, ഈ കാലയളവില്‍ ഒരു കേസുപോലും ഈ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒരു കേസ് വീതം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കണക്കുകളുടെ അടിസ്ഥാനത്തില്‍ 2019ലാണ് ഈ വകുപ്പിന് കീഴില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 93 കേസുകളാണ് 2019ല്‍ മാത്രം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈ 15നാണ് രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐപിസി 124  എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസ‍ർക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്.  രാജ്യദ്രോഹവകുപ്പിൻ്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹ‍ർജികളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഈ ചോദ്യം ചോദിച്ചത്. ഈ നിയമം ഒരു കൊളോണിയിൽ നിയമമാണെന്നും ​മഹാത്മാ​ഗാന്ധിയും ബാല​ഗം​ഗാധരതിലകനും പോലുള്ള സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ ബ്രിട്ടീഷുകാ‍ർ പ്രയോ​ഗിച്ച ഈ നിയമം 75 കൊല്ലം കഴിഞ്ഞും കൊണ്ടു നടക്കുന്നത് പ്രാകൃതമല്ലേയെന്നും സുപ്രീം കോടതി തിരക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!