മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഇനി കനത്ത പിഴ; കര്‍ശന നടപടിയുമായി ഒഡീഷ

By Web TeamFirst Published Apr 10, 2020, 9:33 AM IST
Highlights

ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്‌ക്കേണ്ടി വരും. എന്നാല്‍, തുടര്‍ന്നും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടിയതിന് പിന്നാലെ കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി ഒഡീഷ. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് ഒഡീഷ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്‌ക്കേണ്ടി വരും.

എന്നാല്‍, തുടര്‍ന്നും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി പറഞ്ഞു. കൊവിഡ് കേസുകകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനാലും ജനങ്ങള്‍ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലുമാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഇനി ഒരു കുറ്റകൃത്യമായി കാണാനാണ് തീരുമാനം.

അതേസമയം, രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഒഡീഷ ലോക്ക്ഡൗണ്‍ നീട്ടിയത്.രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

ഈ കൊവിഡ് കാലത്ത് നിങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിക്കെതിരെ പോരാടാന്‍ ശക്തി തരുന്നുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. അതേസമയം, രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമതീരുമാനം ശനിയാഴ്ച വരുമെന്നാണ് സൂചന. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യവും പരിഗണിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

click me!