
ലഹോര്‍: ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ വിയോഗത്തില്‍ കണ്ണീരോടെ പ്രതികരിച്ച് പാക്കിസ്ഥാന്‍ ജനതയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്‍റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത്. ബിജെപിയുടെ വനിതാ മുഖമായിരുന്ന സുഷമാസ്വരാജ്, ബിജെപിയെ സാധാരണക്കാരുമായി അടുപ്പിച്ച നേതാക്കളില്‍ പ്രമുഖയായിരുന്നു. 2014 മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകള്‍ അന്താരാഷ്ട്ര രംഗത്തും വന്‍ ചര്‍ച്ചയായി.
ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിസ ആവശ്യമുള്ളപ്പോള്‍ പാക്കിസ്ഥാന്‍കാര്‍ക്ക് മുന്നിലും സുഷമ കരുണ ചൊരിഞ്ഞു. ഒരു വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ മുതല്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വരെ സുഷമ വിസ അനുവദിച്ച് നല്‍കാന്‍ സഹായിച്ചു.
ഇപ്പോള്‍ സുഷമയുടെ വിയോഗത്തില്‍ ഇന്ത്യ തേങ്ങുമ്പോള്‍ പാക്കിസ്ഥാനും ഒപ്പം നില്‍ക്കുകയാണ്. തന്‍റെ സഹോദരനായി പാക്കിസ്ഥാന്‍ പൗരനായ ഷാസെയ്ബ് ഇക്ബാല്‍ ട്വിറ്ററിലൂടെ സുഷമയോട് പറഞ്ഞതിങ്ങനെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു : ''അല്ലാഹുവിന് ശേഷം അവസാന പ്രതീക്ഷ നിങ്ങളിലാണ്''. മെഡിക്കല്‍ വിസയ്ക്ക് വേണ്ടിയുള്ള ഈ അപേക്ഷ സുഷമ പരിഗണിച്ചു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ ഓര്‍മ്മിച്ചാണ് പാക്കിസ്ഥാനില്‍ നിന്നുള്ള നിരവധി പേര്‍ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam