പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത് ജനവാസകേന്ദ്രങ്ങള്‍; അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു

By Web TeamFirst Published Mar 2, 2019, 11:48 AM IST
Highlights

നിയന്ത്രണ രേഖയില്‍ പലയിടത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനിടെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. 

ശ്രീനര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു. പാകിസ്ഥാന്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആളുകള്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിഞ്ഞു പോകുന്നത്. നിയന്ത്രണ രേഖയില്‍ പലയിടത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനിടെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. 

മോര്‍ട്ടര്‍ ബോംബുകളും ഹൊവിറ്റ്സര്‍ 105 എംഎം തോക്കുകളും ഉപയോഗിച്ചാണ് പാക് സേന ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത്. റുബാന കോസര്‍(24), മകന്‍ ഫര്‍സാന്‍ (5), ഒമ്പത് മാസം പ്രായമായ മകള്‍ ഷബ്നം എന്നിവരാണ് പൂഞ്ചിലെ സലോത്രിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണ രേഖകളിലായി 60 ലേറെ തവണയാണ്  പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. 

പൂഞ്ചിലെ മന്‍കോട്ട് മേഖലയില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ നസീം അക്തര്‍ എന്ന യുവതിയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടി, ബാലാകോട്ട് മേഖലകളിലും പാക് സേന ഷെല്ലാക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് എട്ട് ദിവസം തുടര്‍ച്ചയായി രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ പാക് സേന വെടിയുതിര്‍ത്തു. വ്യാഴാഴ്ച പൂഞ്ചിലെയും രജൗരി ജില്ലയിലെയും നിയന്ത്രണ രേഖയില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. 

 

click me!