Latest Videos

'ബിജെപിയെ വിജയിപ്പിക്കും എന്ന് ജനം പറയുന്നു, കോണ്‍ഗ്രസ് ജനവഞ്ചകര്‍': പ്രധാനമന്ത്രി

By Web TeamFirst Published Apr 21, 2024, 10:00 AM IST
Highlights

ബിജെപിയെയും എന്‍ഡിഎയെയും കുറിച്ച് 2014-ല്‍ പ്രതീക്ഷയും 2019-ല്‍ ആത്മവിശ്വാസവും 2024-ല്‍ ഗ്യാരണ്ടിയുമാണ് ജനങ്ങള്‍ക്കുള്ളത് എന്ന് മോദി

ദില്ലി: കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ മോദി കടന്നാക്രമിച്ചു.

'ബിജെപിയെയും എന്‍ഡിഎയെയും കുറിച്ച് 2014-ല്‍ പ്രതീക്ഷയും 2019-ല്‍ ആത്മവിശ്വാസവും 2024-ല്‍ ഗ്യാരണ്ടിയുമാണ് ജനങ്ങള്‍ക്കുള്ളത്. ഒന്നര പതിറ്റാണ്ടോളം മുഖ്യമന്ത്രിയായും 10 വര്‍ഷം പ്രധാനമന്ത്രിയായും ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ ഗ്യാരണ്ടിയോടെയാണ് ഇത്തവണ ജനവിധി തേടുന്നത്. എന്‍ഡിഎ ഭരണത്തെ കുറിച്ച് രാജ്യത്തുള്ള മതിപ്പ് ആഗോള വിശ്വാസം നേടിക്കഴിഞ്ഞതായും' മോദി പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ജനാധിപത്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ടാകണം. ജനവിധിയില്‍ വിജയിക്കുകയും അധികാരത്തിലെത്തുമ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളും നയങ്ങളും നടപ്പിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇത്തരം നയങ്ങളില്ലെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല. എന്നെങ്കിലുമൊരിക്കല്‍ അധികാരത്തില്‍ വരുമെന്നും തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്തെ സേവിക്കാന്‍ കഴിയുമെന്നും ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കാഴ്ചപ്പാടുണ്ടാവേണ്ടത് പ്രധാനമാണ്. ഇവിടെയാണ് ജനാധിപത്യ സര്‍ക്കാരുകളുടെ പ്രസക്തി.'-ചോദ്യത്തിനുത്തരമായി മോദി പറഞ്ഞു.

Read more: ബിജെപി ക്രൈസ്തവര്‍ക്കൊപ്പം, പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടു: നരേന്ദ്ര മോദി

സ്വാതന്ത്ര്യസമരത്തിന് ശേഷം പതിറ്റാണ്ടുകള്‍ ഭരിക്കാന്‍ രാജ്യം നല്‍കിയ പിന്തുണ കോണ്‍ഗ്രസ് ദുര്‍വിനിയോഗം ചെയ്തതായി അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസിന്റെ വിശ്വാസം ഇതോടെ ചോര്‍ന്നു. 2014 ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതിയ വര്‍ഷമായിരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം ഞാന്‍ രാജ്യത്തെ ഭരിക്കുകയായിരുന്നില്ല, സേവിക്കുകയായിരുന്നു. ജനങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. ജനങ്ങളെ സംബന്ധിച്ച് ബിജെപി അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയുടെ വര്‍ഷമായിരുന്നു 2024 എങ്കില്‍ 2019 ആത്മവിശ്വാസത്തിന്റെ കാലമായിരുന്നു. സാധാരണക്കാരുടെ വലിയ പിന്തുണ എന്‍ഡിഎ സര്‍ക്കാരിന് ലഭിക്കുന്നതാണ് പിന്നീട് കണ്ടത്. സബ്കാ സാത്ത് (എല്ലാവര്‍ക്കുമൊപ്പം), സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം), സബ്കാ പ്രയാസ് (എല്ലാവരുടെയും പ്രയത്‌നം) എന്നീ മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കാനാണ് പരിശ്രമിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ സുസ്ഥിരമല്ലാത്ത സര്‍ക്കാരുകള്‍ വലിയ ദോഷമാണ് രാജ്യത്തിന് ചെയ്തത്. അവ രാജ്യത്തിന്റെ അന്തസിന് മങ്ങലേല്‍പിച്ചു. എന്നാല്‍ ഒരു സ്ഥിര സര്‍ക്കാരിന് എന്ത് ചെയ്യാനാകും എന്ന് ജനങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചറിയുകയാണ്.'-അഭിമുഖത്തില്‍ മോദി പറഞ്ഞു.

ജനങ്ങള്‍ക്കൊപ്പം എല്ലാ ദിനവും ചിലവഴിക്കുന്ന ഒരാളെന്ന നിലയ്ക്ക് രാജ്യത്തിന്റെ പള്‍സ് കൃത്യമായി അറിയാമെന്ന് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. 'തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളെ കാണാന്‍ പര്യടനം നടത്തുന്ന ആളല്ല ഞാന്‍. 10 വര്‍ഷമായി വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മുന്‍ സര്‍ക്കാരുകളുമായി താരതമ്യം ചെയ്യുന്ന ജനങ്ങള്‍ നല്ല മാര്‍ക്കാണ് മോദി സര്‍ക്കാരിന് നല്‍കുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മോദിയോ ബിജെപിയോ അല്ല, ജനങ്ങളാണ്. അഴിമതിരഹിത സര്‍ക്കാരാണ് രാജ്യത്തുള്ളത്. എല്ലാ പദ്ധതികളുടെയും പ്രയോജനം നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. ഒരു രൂപ ചിലവഴിക്കുമ്പോള്‍ 15 പൈസ മാത്രം പൊതുജനത്തിന്റെ കൈകളിലെത്തുന്ന കാലം കഴിഞ്ഞു. അഴിമതി ഇല്ലാതാക്കാന്‍ ഡിജിറ്റല്‍ ടെക്നോളജിയെ വിജയകരമായി ഉപയോഗിക്കുകയാണ്. ഇതുവഴി ഭരണസംവിധാനത്തില്‍ സുതാര്യത ഉറപ്പുവരുത്തുകയാണ്' എന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. സൗജന്യം അല്ല, ശാക്തീകരണമാണ് ആവശ്യം' എന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോദി പ്രതികരിച്ചത്.

Read more: സിപിഎമ്മില്‍ അഴിമതിയും കുടുംബവാഴ്ചയും, പിണറായിയോട് മൃദുസമീപനം ഇല്ല: നരേന്ദ്ര മോദി

കാണാം അഭിമുഖത്തിന്‍റെ പൂർണ രൂപം 

click me!