തമിഴ്നാടിന്‍റെ ഭാവി തീരുമാനിക്കുക നാഗ്പൂരില്‍ നിന്നാവില്ല,മോദിയുടെ ജോലി ആളുകളെ വിഭജിക്കല്‍; രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 24, 2021, 12:59 PM IST
Highlights

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് എന്നിവയെ ഉപയോഗിച്ച് തനിക്ക് വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് മോദി ചെയ്യുന്നത്. തമിഴ്നാട് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നതുകൊണ്ട് തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാനാവുമെന്നാണ് മോദി കരുതുന്നത്. നാഗ്പൂരിന് തമിഴ്നാടിന്‍റെ ഭാവി തീരുമാനിക്കാനാവില്ല.

ചെന്നൈ: തമിഴ്നാടിന്‍റെ ഭാവി തീരുമാനിക്കുക തമിഴ്നാട്ടുകാര്‍ തന്നെ ആയിരിക്കുമെന്നും നാഗ്പൂര്‍കാര്‍ അല്ലെന്നും കോണ്‍ദ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസിനാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തമിഴ്നാട് ആഗ്രഹിക്കുന്ന പുതിയ സര്‍ക്കാരിനെതന്‍റെ പാര്‍ട്ടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം കോയമ്പത്തൂരില്‍ നിന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

തമിഴ്നാട്ടിലെ നിലവിലെ സര്‍ക്കാര്‍ സന്ധികള്‍ ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പ്രസംഗം. ആര്‍എസ്എസ് ആശയങ്ങളാണ് ബിജെപി പ്രാവര്‍ത്തികമാക്കുന്നത്. സിബിഐ, എന്‍ഫോഴ്സ്മെന്‍റ് എന്നിവയെ ഉപയോഗിച്ച് തനിക്ക് വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് മോദി ചെയ്യുന്നത്. തമിഴ്നാട് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നതുകൊണ്ട് തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാനാവുമെന്നാണ് മോദി കരുതുന്നത്. നാഗ്പൂരിന് തമിഴ്നാടിന്‍റെ ഭാവി തീരുമാനിക്കാനാവില്ല. ജനങ്ങള്‍ ആണ് അവരുടെ ഭാവി തീരുമാനിക്കുക. സമൂഹങ്ങളെ പ്രധാനമന്ത്രിയും ആര്‍എസ്എസും നിന്ദയോടെയാണ് കാണുന്നതെന്നും രാഹുല്‍ ആരോപിച്ചു. 

ഭാഷയുടെ പേരില്‍ ബിജെപി നടത്തിയ കാര്യങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ അവര്‍ ഒരു ഭാഷ , ഒരു സംസ്കാരം എന്നിവ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേയാണ് നമ്മള്‍ പോരാടുന്നത്. വിവിധ സംസ്കാരം, ഭാഷ, ജനങ്ങള്‍ എന്നിവയോടൊന്നും മോദിക്ക് ഒരു ബഹുമാനവുമില്ല. തന്‍റെ ആശയത്തേക്കള്‍ താഴെയായാണ് തമിഴ് ജനതയേയും സംസ്കാരത്തേയും മോദി കാണുന്നത്.  

തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് അങ്ങനെ എല്ലാ ഭാഷയ്ക്കും രാജ്യത്ത് സ്ഥാനമുണ്ടെന്നും മോദി പറഞ്ഞു. തമിഴ്നാടുമായി തനിക്കുളഅള ബന്ധം രാഷ്ട്രീയപരം മാത്രമല്ലെന്നും കുടുംബപരമാണെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് നിങ്ങള്‍ക്ക് സേവനം ചെയ്യാനാണ് താനിവിടെ എത്തിയിട്ടുള്ളതെന്നും രാഹുല്‍ വിശദമാക്കി. മോദിയുടെ ജോലി ആളുകളെ വിഭജിക്കല്‍ ആണെന്നും തങ്ങളുടെ ജോലി ആളുകളെ ഒരുമിച്ച് നിര്‍ത്തലാണെന്നും രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പറഞ്ഞു. 

click me!