
ദില്ലി: കർഷക സമരം ഒത്തു തീർപ്പാക്കാത്ത കേന്ദ്രസർക്കാറിന്റെ നിലപാടിൽ പഞ്ചാബ് ബിജെപിയിൽ കടുത്ത അമർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാൻ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാത്തതിലാണ് നേതൃത്വത്തിന് അതൃപ്തി. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കർഷക സമരം തിരിച്ചടി നൽകിയേക്കുമെന്നും സംസ്ഥാന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ബിജെപി നേതാക്കൾ പാർട്ടി അകാലി ദളിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ് ബീർ സിങ് ബാദലും പ്രതികരിച്ചു.
അതിനിടെ ദില്ലിയിൽ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ ദില്ലി യുപി അതിർത്തിയായ നോയിഡയിൽ 144 പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണം. ട്രാക്ടർ റാലിയുടെ സഞ്ചാരപാത കർഷകർ ഇന്ന് തീരുമാനിച്ചേക്കും. ദില്ലി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുക. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നൽകിയത്. സഞ്ചാര പാത രേഖാമൂലം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്.